
കൊച്ചി: ഗർഭിണിയെ മർദിച്ചതിന് സസ്‌പെൻഷനിലായ എസ്എച്ച്ഒ പ്രതാപ് ചന്ദ്രനെതിരെ ആരോപണവുമായി യുവാവ്. സ്വിഗ്ഗി ജീവനക്കാരനായ റിനീഷാണ് രംഗത്തെത്തിയിരിക്കുന്നത്. 2023ൽ പ്രതാപ് ചന്ദ്രൻ തന്നെ മർദിച്ചെന്നാണ് റിനീഷിന്റെ ആരോപണം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യുവാവ്.
'2023 ഏപ്രിൽ ഒന്നിനാണ് പ്രതാപ് ചന്ദ്രൻ മർദിച്ചത്. ആ സമയത്ത് ഞാൻ സ്വിഗ്ഗിയിലായിരുന്നില്ല. വേറൊരു കമ്പനിയിലായിരുന്നു. ഹോട്ടലുകളിലൊക്കെ ജോലിക്ക് ഹിന്ദിക്കാരെയും മറ്റും എത്തിച്ചുകൊടുക്കില്ലേ, അങ്ങനെയുള്ള കമ്പനിയിലായിരുന്നു ജോലി. അത്തരത്തിൽ സ്റ്റാഫിനെ അന്വേഷിച്ച് ഞാൻ പലയിടത്തും പോകുമായിരുന്നു.
സംഭവ ദിവസവും ആളുകളെ അന്വേഷിച്ചിറങ്ങി. ഉച്ചയായപ്പോൾ ഞാൻ ഒരു പാലത്തിന് സൈഡിൽ ഇരിക്കുകയായിരുന്നു. അപ്പോൾ രണ്ട് പൊലീസുകാർ വന്ന് ലാത്തി കൊണ്ട് തട്ടി. അവരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രതാപ് ചന്ദ്രൻ വരുന്നത്. പേരും വീടുമൊക്കെ ചോദിച്ചു. കാക്കനാട് ഉള്ളവനെന്തിനാണ് എറണാകുളത്ത് വന്നതെന്ന് ചോദിച്ചു.
പോക്കറ്റിലെന്താണെന്ന് ചോദിച്ചപ്പോൾ ഹെഡ് സെറ്റാണെന്ന് പറഞ്ഞു. അത് എടുക്കുന്ന സമയത്ത് ലാത്തികൊണ്ടടിച്ചു. നന്നായി വേദനിച്ചു. ചുറ്റുമുള്ളവരൊക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. എന്തിനാണ് എന്നെ തല്ലിയതെന്ന് ചോദിച്ചതും കൈ ചുരുട്ടി മുഖത്തടിച്ചു. ഭയങ്കര വിഷമമായി. വീണ്ടും തല്ലി. നിങ്ങളാണ് ആളുകളെ ക്രിമിനലാക്കുന്നതെന്ന് പറഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കാണിച്ചുതരാമെന്ന് പറഞ്ഞു.
അങ്ങനെ സ്റ്റേഷനിൽ കൊണ്ടുപോയി. രണ്ടുമൂന്നുമണിക്കൂർ ഇരുത്തി. അതിനിടയിൽ ഛർദിച്ചു. പിന്നീട് മെഡിക്കൽ എടുക്കാൻ ആശുപത്രിയിൽ കൊണ്ടുപോയി. ജാമ്യമെടുക്കാൻ ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ സാർ വന്നു.
അവിടെ മഫ്തിയിൽ ഇരിക്കുന്ന പൊലീസുകാർ, സ്‌കൂളിൽ സാറുമാരൊക്കെ തല്ലിയിട്ടില്ലേ അങ്ങനെ കണ്ടാൽമതിയെന്ന് പറഞ്ഞു. എന്നെ വിടുന്ന സമയത്ത് അയാൾ പറഞ്ഞത് കരുതൽ തടങ്കലായിരുന്നെന്നാണ്. ആ സമയത്ത് ഞാൻ കേസ് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കെതിരെ കള്ളക്കേസുണ്ടാക്കിയേനെ.
ഇയാൾ ഭയങ്കര ദേഷ്യക്കാരനാണ്. പൂർവവൈരാഗ്യമുള്ളതുപോലെയാണ് എന്നെ തല്ലിക്കൊണ്ടിരുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി കൊടുത്തു. അയാൾ എന്നെ തല്ലിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശിക്ഷയായി കൊടുത്തത് അയാളുടെ സർവീസ് ഹിസ്റ്ററിയിൽ ഒരു ബ്ലാക്ക് മാർക്ക് മാത്രം.'- റിനീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |