തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിന്റെ അവസാന ഗഡുമായി 1851 കോടിരൂപ അനുവദിച്ചു.
ഗ്രാമ പഞ്ചായത്തുകൾക്ക് 971കോടി, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് 239 കോടിവീതം, മുനിസിപ്പാലിറ്റികൾക്ക് 188കോടി, കോർപ്പറേഷനുകൾക്ക് 214കോടി എന്നിങ്ങനെയാണ് വിഹിതം. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് അനുവദിച്ചിരിക്കുന്നത്. പണം അതിനകം ലഭ്യമാകുമോയെന്ന് ആശങ്കയുണ്ട്. അതേസമയം,
മാർച്ച് 19വരെ ട്രഷറികളിൽ ലഭിച്ച എല്ലാ ബില്ലുകൾക്കും പണം നൽകും. 1211 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
വകുപ്പു മേധാവികളും ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്സിങ് ഓഫീസർമാരും (ഡി.ഡി.ഒ) ബില്ലുകളും ചെക്കുകളും 25ന് വൈകിട്ട് 5നു മുൻപ് സമർപ്പിക്കണം. പണം ടോക്കൺ നൽകി മുൻഗണനാക്രമത്തിൽ നൽകും. ചെലാൻ അടവുകൾ ഈ മാസം 30 വരെ സ്വീകരിക്കും.
ട്രഷറിയിൽ പരമാവധി പണം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാൻ ധനവകുപ്പ് ഉത്തരവിറക്കി.കെട്ടിട നികുതിയായും പെർമിറ്റ് ഫീസായുമൊക്കെ ലഭിച്ച പണമാണ് തനത് ഫണ്ട്. രണ്ടുതവണ ധനവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. എന്നിട്ടും തനതുഫണ്ട് ബാങ്കിൽ സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ.
വകുപ്പുകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇന്നുമുതൽ ലഭിക്കുന്ന പദ്ധതി ബില്ലുകൾ ട്രഷറി ക്യൂ സംവിധാനത്തിലേക്കു മാറ്റും. സമർപ്പിച്ച ദിവസവും സമയവും അനുസരിച്ച് ടോക്കൺ നൽകും. ഈ മുൻഗണന പ്രകാരം പാസാക്കും.
ഈ മാസം പാസാക്കാൻ കഴിയാത്ത ബില്ലുകൾ അടുത്ത വർഷത്തെ ചെലവിലേക്കു മാറ്റും. അടുത്ത മാസം മുൻഗണനാക്രമത്തിൽ നൽകും. ചെക്കുകൾക്കും ഇതേ മാനദണ്ഡമാണ്. ബഡ്ജറ്റിൽ അനുവദിച്ച പണം പാഴാകാതിരിക്കാനാണു സാമ്പത്തിക വർഷാവസാനം ബില്ലുകൾ കൂട്ടത്തോടെ എത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |