തിരുവനന്തപുരം: സി പി എം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ യുട്യൂബ് ചാനൽ ഉടമയും മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ എം ഷാജഹാനെതിരെ ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും.
'സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക', 'സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാൻ സാമൂഹ്യ വിപത്ത്'- എന്നൊക്കെയാണ് പോസ്റ്ററുകളിലുള്ളത്. ചെറുവയ്ക്കൽ ജനകീയ സമിതി എന്ന സംഘടനയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.
ഷാജഹാന്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. രാത്രി 10.15നാണ് ഉള്ളൂരിലെ വീട്ടിൽ പൊലീസെത്തിയത്. ഈ സമയം ഷാജഹാനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും നടത്തിയ തെരച്ചിൽ അരമണിക്കൂർ നീണ്ടുനിന്നു. ഷാജഹാന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
ഷാജഹാനോട് ഇന്ന് എറണാകുളം സൈബർ പൊലീസിൽ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ കെ ജെ ഷൈനെയും വി എൻ ഉണ്ണിക്കൃഷ്‌ണൻ എം എൽ എയെയും അധിക്ഷേപിച്ച് വീഡിയോ ഇട്ടതിനാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.
ഷാജഹാനെ കൂടാതെ കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഗോപാലകൃഷ്ണൻ ഒളിവിലാണ്. ഇയാളുടെ ഫോൺ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |