തിരുവനന്തപുരം: ബി ജെ പി കൗൺസിലർ അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനിൽ കുമാർ പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടുണ്ടെന്ന് അസിസ്റ്റന്റ് രജിസ്‌ട്രാറുടെ കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും സഹകരണ വകുപ്പ് അറിയിച്ചു.
സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഭീമമായ തുകയാണ് സൊസൈറ്റിയ്ക്ക് നഷ്ടമായത്. അനിൽ കുമാറിന്റെ മരണത്തിൽ പൂജപ്പുര പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഡി വൈ എസ് പി തലത്തിൽ അന്വേഷണമുണ്ടായേക്കും.
അനിൽ കുമാറിന്റെ ചില സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റിലെ സാമ്പത്തിക ബാദ്ധ്യത കാരണം അനിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും ഭക്ഷണം പോലും പലപ്പോഴും കഴിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നത്. അനിലിന്റെ ഫോൺ കോൾ വിശദാംശങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു അനിൽ കുമാർ ആത്മഹത്യ ചെയ്‌തത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. താനും തന്റെ കുടുംബമോ പണം ഇതിൽ നിന്നും എടുത്തിട്ടില്ല. ഇപ്പോൾ എല്ലാ കുറ്റവും തന്റെ പേരിലാണ്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ വായ്പ എടുത്തവർ തിരിച്ചടയ്ക്കാത്ത ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |