കസ്റ്റംസിന്റെ നേതൃത്വത്തിൽ നടൻ ദുൽഖർ സൽമാന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. ഫോട്ടോ:കേരളകൗമുദി
കൊച്ചി: ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽ പെടുന്നതുമായ 150ഓളം വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ കടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ 20ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ തുടങ്ങിയ വാഹനങ്ങളാണ് കടത്തിയത്. വാഹനങ്ങൾ കടത്തിക്കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഭൂട്ടാൻ വാഹനം വാങ്ങിയവരിൽ ചിലരെ തിരിച്ചറിഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ എത്തിച്ച് നമ്പർ മാറ്റിയതായും വിവരമുണ്ട്. ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ളവിലയ്ക്കു വിറ്റ് പണമുണ്ടാക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റെന്ന് കണ്ടെത്തിയിരുന്നു.
ഹിമാചൽ പ്രദേശിലെ എച്ച്പി 52 എന്ന രജിസ്‌ട്രേഷൻ നമ്പറിലാണ് കൂടുതലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യുന്നത്. അവിടെയുള്ള രജിസ്‌ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പടെയാണ് കേരളത്തിൽ കാറുകൾ വിറ്റതും. കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും കെഎൽ രജിസ്‌ട്രേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂട്ടാൻ വാഹനങ്ങൾ സ്വന്തമാക്കിയവർ ഇറക്കുമതി നികുതിയും പിഴയും അടയ്‌ക്കേണ്ടിവരും. വാഹനങ്ങൾ രൂപം മാറ്റിയതിന് ശിക്ഷ വേറെയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |