
കൊല്ലം: 'എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഈ മെഡിക്കൽ കോളേജ് ആശുപത്രിയാണ്..."- തിരുവനന്തപുരം മെഡി. ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ ശബ്ദസന്ദേശമാണിത്, പ്രാണൻ നിലയ്ക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് സഹപാഠിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അൻവർ സാദത്തിന് ഈ ശബ്ദസന്ദേശമയച്ചത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉദാസീനതയെക്കുറിച്ചുള്ള ഈ വാക്കുകൾ പുറം ലോകത്തെ അറിയിക്കണമെന്നും വേണു സന്ദേശത്തിൽ പറയുന്നു.
പൂർണരൂപം ഇങ്ങനെ:
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആകെ അഴിമതിയാണ്. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം ശരിയാണ്. യൂണിഫോം ഇട്ടിരിക്കുന്നവരോട് എന്തെങ്കിലും ചോദിച്ചാൽ ഒരക്ഷരം പറയില്ല. നായയെ നോക്കുന്നതു പോലെ പോലും നോക്കില്ല. കൈക്കൂലിയുടെ ബഹളമാണ്. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വെള്ളിയാഴ്ച വൈകിട്ട് എത്തിയതാണ്. പരമാവധി വേഗത്തിൽ സഞ്ചരിക്കുന്ന അംബുലൻസ് വിളിച്ചാണ് എത്തിയത്. വന്നിട്ട് ഇപ്പോൾ അഞ്ചു ദിവസമായി. ഇവർ എന്നോട്ട് കാണിക്കുന്ന ഉദാസീനതയുടെ കാര്യം മനസിലാകുന്നില്ല.
റൗണ്ട്സിന് എത്തിയ ഡോക്ടറോട് എന്റെ ചികിത്സ എപ്പോൾ നടക്കുമെന്ന് പലതവണ ചോദിച്ചു. ഒരു മറുപടിയും നൽകിയില്ല. കൈക്കൂലി വാങ്ങിച്ചാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയില്ല. ദൂരെ നിന്നുള്ള രണ്ടു പേർ ഒരു ദിവസം മെഡിക്കൽ കോളേജിൽ നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകും? സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആതുരാലയം വിഴിപ്പുകെട്ടുകളുടെയും ശാപങ്ങളുടെയും പറുദീസയാവുകയാണ്. നഷ്ടമാകുന്ന ജീവനുകളുടെ ശാപങ്ങൾ നിറഞ്ഞ നരകഭൂമിയായി മാറുകയാണ്. ഞാൻ ഇവിടെ വന്ന് വീണു പോയി. ആശുപത്രിയിലെ അനാസ്ഥകൊണ്ട് എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ എന്റെ ശബ്ദത്തിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിക്കണം.
ഓട്ടോറിക്ഷ ഇട്ടിരുന്ന മണ്ണിൽ വേണുവിന് അന്ത്യവിശ്രമം
'മക്കളുടെ അച്ഛനെ അവർ കൊന്നുകളഞ്ഞു"
കൊല്ലം: രണ്ടു മുറികളും അടുക്കളയും മാത്രമുള്ളതാണ് വേണുവിന്റെ വീട്. അവിടേക്ക് ഇന്നലെ അവസാനമായെത്തിപ്പോൾ കാണാൻ വന്നവർക്ക് നിൽക്കാൻ പോലും ഇടമുണ്ടായിരുന്നില്ല. വൈകിട്ട് നാലരയോടെ മൂന്ന് സെന്റ് ഭൂമിയിലെ വീടിന്റെ ചുവരിനോട് ചേർന്ന്, എന്നും തന്റെ ഓട്ടോറിക്ഷ ഇട്ടിരുന്ന മണ്ണിൽ വേണു എരിഞ്ഞമർന്നു. ഭാര്യ സിന്ധു ചവറയിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്.
'എന്റെ മക്കളുടെ അച്ഛനെ അവർ കൊന്നുകളഞ്ഞു... ഞങ്ങൾക്കിനി ആരുമില്ല... " വേണുവിന്റെ മൃതദേഹത്തിലേക്ക് കമിഴ്ന്നുവീണ് സിന്ധു നിലവിളിച്ചു. 'അച്ഛാ കണ്ണ് തുറക്ക്..." മക്കളായ വർഷവും വിദ്യയും തൊട്ടടുത്തിരുന്ന് അലറി വിളിച്ചു. കണ്ണീരടക്കാനോ ഇവരെ ആശ്വസിപ്പിക്കാനോ ആകാതെ ബന്ധുക്കളും നാട്ടുകാരും.
ഡിഗ്രി കഴിഞ്ഞ് പി.എസ്.സി കോച്ചിംഗിന് പോകുന്ന മൂത്തമകൾ വിദ്യയുടെ കല്യാണം ഉടൻ നടത്തണം. പ്ലസ് ടു കഴിഞ്ഞ് നീറ്റ് കോച്ചിംഗിന് പോകുന്ന ഇളയ മകളെ ഡോക്ടറാക്കണം. അതിനുള്ള പാച്ചിലിലായിരുന്നു വേണു. പൊട്ടിക്കരയുന്നതിനിടയിൽ വേണുവിന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി സിന്ധു പറഞ്ഞു. അപ്പോൾ വിദ്യയും വർഷയും കരഞ്ഞുതളർന്ന് അമ്മയുടെ മടിയിൽ കിടന്നു. ഒടുവിൽ നാല് മണിയോടെ വേണുവിന്റെ മൃതദേഹം ചിതിയിലേക്ക് എടുക്കാനൊരുങ്ങിയപ്പോൾ മൂവരും മൃതദേഹത്തിലേക്ക് വീണു. ഉറ്റവരുടെ ആശ്വാസവാക്കിൽ വേണുവിന്റെ നെറുകയിൽ സിന്ധുവും മക്കളും അന്ത്യചുംബനം നൽകി യാത്രയാക്കി.
രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വേണു. മക്കളുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ മനസിൽ പെരുകിയതോടെ അതെല്ലാം ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി പാഞ്ഞുതുടങ്ങി.
മരണശേഷം ന്യായീകരണം,
മരിക്കുംവരെ അവഗണന
കൊല്ലം: വേണുവിന്റെ മരണം വിവാദമായപ്പോൾ ന്യായങ്ങൾ നിരത്തുന്ന തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി അധികൃതർ ചികിത്സാ വിവരങ്ങളൊന്നും വേണുവിനോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ലെന്ന് ഭാര്യ സിന്ധു വ്യക്തമാക്കി.
ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് വേണുവിനെ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആയതിനാൽ രാവിലെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അന്നു രാത്രി വന്ന ഡോക്ടർ തിങ്കളാഴ്ച രാവിലെ ഒ.പിയിൽ പോയി കാർഡിയോളജിസ്റ്റിനെ കാണാൻ എഴുതിനൽകി. ഡോക്ടറെ കണ്ടപ്പോൾ ഐ.സി.യുവിൽ ഒത്തിരിരോഗികളുണ്ടെന്നും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം നടത്താമെന്നും പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം തലവേദന എടുക്കുന്നുവെന്ന് പറഞ്ഞു. നഴ്സിനോട് ഇക്കാര്യം പറഞ്ഞെങ്കിലും തിരിഞ്ഞുനോക്കിയില്ല.
അല്പനേരം കഴിഞ്ഞപ്പോൾ 'എടീ എന്റെ ചുണ്ടും കൈയുമൊക്കെ പെരുക്കുന്നെടീ" എന്ന് ഭാര്യയോട് പറഞ്ഞു. അവർ നഴ്സിംഗ് സ്റ്റേഷനിലേക്ക് പോയി. 'നേരത്തെ തലവേദന എടക്കുന്നുവെന്ന് പറഞ്ഞിട്ട് നിങ്ങൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടും കൈയുമൊക്കെ വിറയ്ക്കുന്നു. സ്ട്രോക്ക് വന്നിട്ടുള്ളതാണ് എന്തെങ്കിലും ചെയ്യണം" ഇതോടെ നഴ്സുമാർ ഡോക്ടറെ വിളിച്ചു. ഡ്യൂട്ടി ഡോക്ടർ വന്ന് മരുന്ന് കുറിച്ചുകൊടുത്തു. ചൊവ്വയും ബുധനും ഡോക്ടർമാർ കാര്യമായ ഒരു പരിശോധനയും നടത്തിയില്ല.
വേണുവിന്റെ പേരില്ല?
ചൊവ്വാഴ്ച അറ്റൻഡറെത്തി ബുധനാഴ്ച ആൻജിയോഗ്രാം നിശ്ചയിച്ചിള്ളവരുടെ ലിസ്റ്റ് വായിച്ചെങ്കിലും അതിൽ വേണുവിന്റെ പേരില്ലായിരുന്നു. ബുധനാഴ്ച ആൻജിയോഗ്രാം നടത്താമെന്ന് ഡോക്ടർ പറഞ്ഞ കാര്യം വേണു അറിയിച്ചെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
സൃഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അൻവർ സാദത്തിന് ബുധനാഴ്ച ഉച്ചയ്ക്ക് വേണു ദുരനുഭവങ്ങൾ ശബ്ദസന്ദേശമായി അയച്ചു. വൈകിട്ടായപ്പോൾ ചെവിയിലും കഴുത്തിലും നെഞ്ചിലും വേദന രൂക്ഷമായി. ഇതുകണ്ട് സിന്ധു നിലവിളിച്ചതോടെ സന്ധ്യയ്ക്ക് ഐ.സി.യുവിലും തൊട്ടുപിന്നാലെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടേകാലോടെ മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |