
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരം സന്ദർശിക്കാനെത്തുന്നവരുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ് മൃഗശാല. സ്‌കൂൾ വിനോദയാത്രാ സംഘം തലസ്ഥാനത്ത് പ്രേവേശിച്ചാൽ മൃഗശാലയിൽ തീർച്ചയായും എത്തും. ടിക്കറ്റ് ഇനത്തിൽ വലിയ തുക ലഭിക്കുമെങ്കിലും സന്ദർശകരുടെ സുരക്ഷ ഒരുക്കുന്നതിൽ മൃഗശാലാ അധികൃതർ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലെത്തിയ വിദ്യാർത്ഥികൾ സിംഹത്തെ കാണാനായി തുറന്ന കൂട്ടിലെ സുരക്ഷാ വേലിയിൽ കയറിനോക്കുന്നതാണ് ചിത്രത്തിൽ.
കേരള കൗമുദി ഫോട്ടോഗ്രാഫർ നിശാന്ത് ആലുകാടാണ് ഈ ചിത്രം പകർത്തിയത്. തുറന്ന കൂട്ടിലാണ് സിംഹത്തെ പാർപ്പിച്ചിരിക്കുന്നത്. ഉയർന്ന മതിൽക്കെട്ടിനുള്ളിൽ താഴ്ചയിലാണ് ഈ സ്ഥലം. വേലിക്ക് മുകളിൽ കയറുന്ന സന്ദർശകർ അബദ്ധവശാൽ കാൽ തെറ്റി വീണാൽ രക്ഷിക്കാൻ പോലും കഴിയുകയില്ല.

ഒരുകാലത്ത് ഇന്ത്യയിലെ പേരുകേട്ട മൃഗശാലകളിൽ ഒന്നായിരുന്നു തിരുവനന്തപുരത്തേത്. എന്നാൽ ഇന്നാകട്ടെ പലതരം അപര്യാപ്തതകളാൽ അവസ്ഥ പരിതാപകരമാണ്. കാലത്തിനനുസരിച്ച് ആധുനികവത്കരിക്കാനും മൃഗങ്ങളെ സംരക്ഷിക്കാനും വേണ്ടുന്ന നടപടികൾ ഇവിടെ ഉണ്ടാകുന്നില്ല. മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മാനുകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ ചത്തൊടുങ്ങുന്ന സാഹചര്യമാണ് . 2022 ഏപ്രിൽ മുതൽ 2023 ജനുവരി 20 വരെ 53 മാനുകൾ ചത്തു എന്നാണ് റിപ്പോർട്ട്. ഇതിൽ 37 എണ്ണം കൃഷ്ണമൃഗങ്ങളാണ്. ഇപ്പോഴുള്ള പ്രധാന ആശങ്ക മൃഗങ്ങളിൽ നിന്ന് രോഗം അവരെ പരിചരിക്കുന്നവരിലേക്ക് പകരുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
മൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഫലപ്രദമായ തോതിലല്ല ഇതിന്റെ പ്രവർത്തനങ്ങൾ. ജീവനക്കാരുടെ ആരോഗ്യവും കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. മൃഗങ്ങൾ ചത്തൊടുങ്ങുന്നത് വാർത്തയായപ്പോഴാണ് സർക്കാരിന്റെ സംവിധാനം കുറച്ചെങ്കിലും ഉണർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |