ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നും അവരാണ് തന്നെ കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി മൂലമറ്റത്ത് സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സംവാദത്തിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശം.
'ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തും പാലക്കാടും മത്സരിച്ചല്ല ഞാൻ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ലെന്ന് പറയുന്ന തൃശൂരിൽ നിന്നാണ് എനിക്ക് ജയിക്കാൻ സാധിച്ചതെങ്കിൽ അത് ദൈവം കൂടെ നിൽക്കുന്നതുകൊണ്ടാണ്. എന്തൊക്കെ കഥകളാണുണ്ടാക്കുന്നത്. പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആർഎൽവിയെ കലക്കി. ഇതെല്ലാം കഴിഞ്ഞ് വോട്ട് കലക്കി. ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്ത് ജയിച്ചവന്മാരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത് ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്തിട്ടുണ്ട്'- സുരേഷ് ഗോപി പറഞ്ഞു.
എയിംസ് വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. 'എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്. എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂരിൽ വരണം. തന്റെ നിലപാട് 2015 മുതൽ ഇതാണ്. എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് എന്ന് താൻ പറഞ്ഞിട്ടില്ല. തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കും. എയിംസ് തൃശൂരിന് നൽകില്ല എന്ന സംസ്ഥാന സർക്കാരിന്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല'- സുരേഷ് ഗോപി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |