തിരുവനന്തപുരം: ശബരിമലയിൽ നിന്ന് അഴിച്ചെടുത്ത ദ്വാരപാലക ശില്‌പങ്ങൾ സ്വർണം പൂശാനായി ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചത് ഒരു മാസം കഴിഞ്ഞെന്ന് വെളിപ്പെടുത്തൽ. 2019 കാലത്ത് തിരുവാഭരണ കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്‌ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'2019 ഓഗസ്റ്റിലാണ് ഞാൻ തിരുവാഭരണ കമ്മീഷണറായി ചുമതലയേറ്റത്. ജൂലായിൽ തന്നെ അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ദ്വാരപാലക ശില്‌പങ്ങൾ ചെന്നൈയിലെത്തിയത്. ഇത്രയും ദിവസം അത് എവിടെയായിരുന്നു എന്നതിന് രേഖകളില്ല. ചെമ്പ് പാളികൾ ഇളക്കി തൂക്കം നോക്കി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സ്വർണം പൂശുന്നതിനായി കൈമാറണമെന്ന് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിട്ടുണ്ട്.
എ പദ്‌മകുമാറാണ് അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വത്തിലിരിക്കുന്ന വസ്‌തു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ നൽകിയതെന്ന് അറിയില്ല. ദ്വാരപാലക ശില്‌പങ്ങൾ സ്വർണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, അതിന് എവിടെയും തെളിവില്ല. ദേവസ്വം ബോർഡ് ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറണമെന്ന് ഇറക്കിയ ഉത്തരവിൽ ചെമ്പ് എന്നാണ് പറഞ്ഞിരിക്കുന്നത് ' - ആർ ജി രാധാകൃഷ്‌ണൻ പറഞ്ഞു.
അതേസമയം, ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക ശില്‌പത്തിന്റെ പീഠങ്ങളും സ്വർണപാളികളും മറയാക്കി ഉണ്ണിക്കൃഷ്ണൻ പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വീട്ടിൽ സൂക്ഷിച്ച പീഠത്തിൽ പൂജ നടത്തി അയ്യപ്പഭക്തരിൽ നിന്ന് പണം പിരിച്ചതായും വിജിലൻസിന് സൂചന ലഭിച്ചു. സ്‌പോൺസർ ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് ദ്വാരപാലക ശില്‌പ പീഠം കണ്ടെത്തിയത് ദുരൂഹതയേറാൻ കാരണമായി.
സ്വർണവും മറ്റു ലോഹങ്ങളുമടക്കം മൂന്നുപവനിൽ തീർത്ത പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലുള്ള വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. ശബരിമലയിൽ നിന്ന് പീഠം തിരികെ കൊണ്ടുവന്ന ശേഷം ഉണ്ണിക്കൃഷ്ണന്റെ ജീവനക്കാരന്റെ കോട്ടയത്തെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വിവാദമുണ്ടാകുന്നത് വരെ പീഠം അവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |