
തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം ഭരണത്തിന്റെ താക്കോൽ ആരെ ഏൽപ്പിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും. അസാമിലും പോണ്ടിച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്,
പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.
ഹാട്രിക് നേടിയാൽ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാവും ഇടതു മുന്നണി രചിക്കുക. തിരിച്ചായാൽ ഭരണവിരുദ്ധ വികാരമെന്ന മറുപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കലുമാവും. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും അധികാരത്തിലേറിയാൽ ടീം യു.ഡി.എഫ് എന്നത് വെറും വമ്പുപറച്ചിലായിരുന്നില്ലെന്ന് നെഞ്ചുനിവർത്തി തെളിയിക്കാം. വീണുപോയാൽ പലവിധ പൊട്ടിത്തെറികളാവും യു.ഡി.എഫിനെ കാത്തിരിക്കുക. ഒന്നിലധികം സീറ്റുകളിൽ വിജയം നേടിയാൽ ബി.ജെ.പി നടത്തിയ പരിഷ്കാരങ്ങൾക്കുള്ള അംഗീകാരവും സംസ്ഥാനത്ത് അതിവേഗം വളരുന്നതിന്റെ സൂചകവുമാകും.
വിവാദം ഒഴിയാതെ
ആരോപണ, പ്രത്യേരോപണങ്ങളിൽ മുന്നണികൾ പൂണ്ടിറങ്ങിയ തിരഞ്ഞെടുപ്പാണ് ഇത്. പരസ്യപ്രചാരണ സമയം കഴിഞ്ഞും ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും ഉറവ നിലയ്ക്കുന്നില്ല. പാലക്കാട്ട് വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നതാണ് ഇന്നലത്തെ ഞെട്ടൽ. ബി.ജെ.പിയെ ഇത് പ്രതിരോധത്തിലാക്കി. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകി. വർക്കലയിലും ബി.ജെ.പിക്കെതിരെ സമാന ആരോപണമാണ് ഉയർന്നത്. പക്ഷെ പരാതിപ്പെട്ടത് സി.പി.എമ്മും. അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടന്ന ലഘുലേഖ വിതരണവും ചട്ടം തെറ്റിച്ച് സ്ഥാനാർത്ഥി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതും മറ്റൊരു വിവാദം.
പോളിംഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
വൈകിട്ട് 6ന് ക്യൂവിലുള്ളവർക്കും വോട്ട് ചെയ്യാം
നിയോജകമണ്ഡലങ്ങൾ: 140
വോട്ടർമാർ: 2,71,42,952
സ്ഥാനാർത്ഥികൾ: 883
വോട്ടെണ്ണൽ: മേയ് 4ന്
ബൂത്തുകൾ 30,495
ക്രിട്ടിക്കൽ ബൂത്തുകൾ 2040
സുരക്ഷാജീവനക്കാർ: 76000
പോളിംഗ് ഉദ്യോഗസ്ഥർ 1.46ലക്ഷം
പോളിംഗ് ബൂത്തിൽ
കുടിവെള്ളം, ഫാൻ
പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ്. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് കസേര. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ മുൻഗണന. ബൂത്തുകളിൽ റാമ്പുകളും വീൽചെയറുകളും. കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിന് വോളന്റിയർമാർ, ആംഗ്യഭാഷാ സഹായം. ഭിന്നശേഷിക്കാർക്ക് യാത്രാസൗകര്യം.
വോട്ട് എവിടെ
എന്നറിയാൻ
തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ ഐഡി കാർഡിലെ 10 അക്ക എപിക് നമ്പർ നൽകണം. സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേരളം തിരഞ്ഞെടുത്ത് ക്യാപ്ച കൂടി നൽകി സെർച്ച് ചെയ്താൽ ബൂത്ത് അറിയാം. കാർഡ് നമ്പർ അറിയില്ലെങ്കിൽ മൊബൈൽ ഫോൺനമ്പർ നൽകിയും വോട്ട് എവിടെയാണന്നറിയാം. ജില്ലയും മണ്ഡലവും പേരും വയസും നൽകിയും വോട്ട് എവിടെയാണെന്ന് വെബ്സൈറ്റിൽ അറിയാനാകും.
കന്നി വോട്ടിന് ഹൽവ
കന്നി വോട്ടർമാർക്ക് 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ തിരഞ്ഞെടുത്ത ബൂത്തിൽ ഹൽവ വിതരണമുണ്ട്. ഓരോ ഡി.ഇ.ഒ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരുണ്ട്
വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും സഹകരിക്കണം
- രത്തൻ ഖേൽക്കർ
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
കരുതേണ്ട രേഖ
ഇലക്ഷൻ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസിന്റെ ഫോട്ടോ സഹിതമുള്ള പാസ്ബുക്ക്, രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ തുടങ്ങി 11 അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്ന് കരുതണം.
പകൽ
പൊള്ളും;
കുടയെടുക്കണേ
പകൽ കൊടും ചൂട് തുടരുന്നതിനാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കരുതൽ വേണം. കാൽനടയായി പോകുന്നവർ കുടയെടുക്കാൻ മറക്കേണ്ട. രാവിലെ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കണം. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യതപം, നിർജലീകരണം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.
പാലക്കാട്,കൊല്ലം, കോട്ടയം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് ചൂട് ഉയരാൻ സാദ്ധ്യത. പുറത്തിറങ്ങുന്നവർ കുപ്പിവെള്ളം കരുതുക. നേരിട്ട് അധികനേരം വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രശ്ന ബാധിത ബൂത്ത്
കൂടുതൽ കണ്ണൂരിൽ
സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകളിലേറെയും കണ്ണൂരിലാണ് - 771. കോഴിക്കോട്- 312, കാസർകോട്- 238, തിരുവനന്തപുരം- 212, കൊല്ലം-189, വയനാട്- 69 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ. പ്രശ്ന സാദ്ധ്യതയുള്ള എ വിഭാഗം ബൂത്തുകളിൽ നാല് വീതവും ബി വിഭാഗത്തിൽ രണ്ടു വീതവും കേന്ദ്ര സേനാംഗങ്ങളുണ്ടാകും. അധികം പൊലീസുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |