തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ മേഖലയുടെ പുനർനിർമ്മാണത്തിന് 260.56 കോടി മാത്രം അനുവദിച്ച കേന്ദ്ര തീരുമാനത്തിൽ ഭരണ- പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ അതൃപ്തിയുണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ വിവേചനമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
വയനാട് ദുരന്തത്തിൽ നിന്ന് കരകയറാൻ 2221.03 കോടി ആവശ്യപ്പെട്ട കേരളത്തിന് 260. 56 കോടിയുടെ നക്കാപ്പിച്ച അനുവദിച്ചത് അത്യന്തം അവഹേളനമാണെന്നും മന്ത്രി രാജൻ പറഞ്ഞു. കേരളത്തിനുള്ള കേന്ദ്രസഹായം 'കുമ്പിളിൽത്തന്നെ" എന്ന നിലയിലാണ് ഇതുമായി ബന്ധപ്പെട്ട പൊതുവികാരം.
കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം 2221.03 കോടിയാണ് കേരളം പോസ്റ്ര് ഡിസാസ്റ്രർ നീഡ് അസസ്‌മെന്റ് പ്രകാരം ആദ്യം ആവശ്യപ്പെട്ടത്. അതിനുശേഷം പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം 1202 കോടിയുടെ നഷ്ടം കാണിച്ച് വീണ്ടും കേന്ദ്രത്തിന് മുന്നിൽ ഒരു അഭ്യർത്ഥനവച്ചു. പിന്നാലെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വയനാട് ദുരന്തത്തെ എൽ ത്രീ (അതി തീവ്ര ദുരന്തം) വിഭാഗത്തിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ വേണ്ട പരിശോധന നടത്തി ഇവിടെ തീരുമാനമെടുക്കാമെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചെങ്കിലും ഇതിനു താമസം നേരിട്ടു. കേരളം ആവശ്യപ്പെട്ടപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഐക്യരാഷ്ട്ര സഭയുടെയും മറ്ര് എൻ.ജി.ഒകളുടെയും നല്ല സാമ്പത്തികസഹായം ലഭ്യമാവുമായിരുന്നുവെന്നും റവന്യു വകുപ്പ് വിശദമാക്കുന്നു.
കേരളത്തിലെത്തിയ ദുരന്ത പരിശോധനാസംഘം (ഐ.എം.സി.ടി) ആഗസ്റ്ര് 30 ന് റിപ്പോർട്ട് കൊടുത്തെങ്കിലും അഞ്ചുമാസം കഴിഞ്ഞാണ് വയനാട് ദുരന്തത്തെ തീവ്രദുരന്ത പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതിനിടെ രാജ്യത്ത് എവിടെ ദുരന്തമുണ്ടായാലും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ നടപടികൾക്കായി കേന്ദ്രം റിക്കവറി ആൻഡ് റീ കൺസ്ട്രക്ഷൻ വിൻഡോ ഓപ്പൺ ചെയ്തു. അവർക്ക് മൂന്നു മാസത്തിനുള്ളിൽ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് റിപ്പോർട്ട് കൊടുക്കാം. വയനാട് ദുരന്തമുണ്ടായി മൂന്നു മാസം തികയുന്നതിന് ഒരു ദിവസം മുമ്പ് കേരളം 2201 കോടിയുടെ റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിനു മുമ്പാകെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ മേധാവികൾ ആവശ്യമായ തെളിവുകളും നൽകി. പക്ഷേ, അനുവദിച്ചത് ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രം.
ബാദ്ധ്യത എഴുതിത്തള്ളാനും വിലക്ക്
അതിതീവ്ര ദുരന്തത്തിൽപ്പെടുന്ന ഇരകളുടെ ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാനും ജീവനോപാധിക്കുവേണ്ടി പുതിയ വായ്പ അനുവദിക്കാനും എൻ.ഡി.എം.എ എക്സിക്യൂട്ടീവിന് ആവശ്യപ്പെടാൻ അനുമതി നൽകുന്ന 2005 ലെ ഡിസാസ്റ്റർ ആക്ടിന്റെ സെക്ഷൻ 13 ഇതിനിടെ കേന്ദ്രം എടുത്തുകളഞ്ഞു.
വയനാട് പുനരുദ്ധാരണത്തിന്
കേന്ദ്രത്തിന്റെ 260.56 കോടി
വെള്ളപ്പൊക്കം നേരിടാൻ തലസ്ഥാനനഗരത്തിനും സഹായം
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരുദ്ധാരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻ.ഡി.എം.എഫ്) നിന്ന് കേരളത്തിന് 260.56 കോടി രൂപ ധനസഹായം അനുവദിച്ചു. തിരുവനന്തപുരം അടക്കം 11 തലസ്ഥാന നഗരങ്ങൾക്ക് വെള്ളപ്പൊക്കം നേരിടാൻ 2444.42 കോടി രൂപയും അനുവദിച്ചു.
2024ൽ വയനാട്ടിൽ ഉരുൾപൊട്ടൽ സൃഷ്ടിച്ച നാശനഷ്ടങ്ങൾ പരിഹരിച്ച് പുനരുദ്ധാരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത സമിതി സഹായം അനുവദിച്ചത്. 2022-ലെ പ്രളയവും മണ്ണിടിച്ചിലും കണക്കിലെടുത്ത് അസാമിന് 1270.788 കോടി രൂപയാണ് അനുവദിച്ചത്. അസാമിൽ 692.05 കോടി രൂപയുടെ തണ്ണീർത്തട പുനരുദ്ധാരണ പദ്ധതിക്കും അംഗീകാരം നൽകി. രണ്ടു സംസ്ഥാനങ്ങളിലും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പാണ്.
മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്ത പുനരുദ്ധാരണ പദ്ധതികൾക്ക് മൊത്തം 4645.60 കോടി രൂപ അനുവദിച്ചു. ധനമന്ത്രി, കൃഷി മന്ത്രി, നിതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. വെള്ളപ്പൊക്കം നേരിടാനുള്ള പ്രളയ അപകടസാദ്ധ്യത പരിപാലന പദ്ധതിയുടെ (യു.എഫ്.ആർ.എം.പി) രണ്ടാം ഘട്ട നടത്തിപ്പിനായാണ് വിവിധ തലസ്ഥാനനഗരങ്ങൾക്ക് തുക അനുവദിച്ചത്. തിരുവനന്തപുരം, ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹത്തി, ജയ്പൂർ, കാൺപൂർ, പട്ന, റായ്പൂർ, വിശാഖപട്ടണം, ഇൻഡോർ, ലഖ്നൗ എന്നീ നഗരങ്ങൾക്കാണിത്. പദ്ധതിച്ചെലവിന്റെ 90% കേന്ദ്രവും ബാക്കി അതത് സംസ്ഥാനങ്ങളും വഹിക്കണം.
"" കേന്ദ്രത്തിന്റെ നടപടിയിലെ കടുത്ത വിവേചനം പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള ലോക് സഭാംഗങ്ങളോട് ആവശ്യപ്പെടും. അവഗണനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതാണ്.
കെ.രാജൻ
റവന്യൂ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |