
തലശ്ശേരി: ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ നിൽക്കുന്ന ചിത്രമുണ്ടെന്നതിന്റെ പേരിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി തലശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് പുറത്തുവരുന്നതിനു മുമ്പ് എടുത്ത ഫോട്ടോയാണിത്. കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രി ഒപ്പം നിന്ന് ഫോട്ടോ എടുക്കുമായിരുന്നോയെന്നും സതീശൻ ചോദിച്ചു. സ്വർണം കട്ടത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായറിയാം. സ്വർണം കട്ടതിന് മൂന്ന് സി.പി.എം നേതാക്കൾ ജയിലിൽ കിടക്കുന്നു. അവർക്കെതിരെ നടപടിയില്ല. അതേസമയം, പയ്യന്നൂരിൽ ധനരാജ് ഫണ്ട് തട്ടിയെന്ന് ചൂണ്ടിക്കാണിച്ച കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കി. ഇതെന്തൊരു പാർട്ടിയാണന്നും അദ്ദേഹം ചോദിച്ചു. നല്ല കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും തുടർഭരണം വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |