കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ അന്ന് വാദം തുടരും.
വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകർത്തെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. സമാനമായ പരാതികൾ മറ്റ് യുവതികൾ ഉന്നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സ്വന്തം കേസിന്റെ പരിധിയിൽ നിന്ന് വാദിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മുമ്പാകെയുള്ള രേഖകൾ പ്രകാരമാണ് തീരുമാനമെടുക്കുക. സമൂഹമാദ്ധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങൾ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്റെ പരിധിക്കപ്പുറം കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നത് ക്രിമിനൽ കുറ്റം ചുമത്താൻ പര്യാപ്തമാകില്ലെന്നും വിലയിരുത്തി.
രഹസ്യ ചാറ്റുകൾ ഉൾപ്പെടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരി സമയം തേടിയതിനാലാണ് ഹർജി മാറ്റിയത്. വേടനെതിരായ പുലിപ്പല്ല്, നാർക്കോട്ടിക്സ് കേസുകളും ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യഹർജിയെ സർക്കാർ എതിർത്തു.
വേടന് സംരക്ഷണം നൽകിയിട്ടില്ല: കമ്മിഷണർ
റാപ്പർ വേടൻ ഒളിവിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. വേടനെ സംരക്ഷിക്കുന്ന നിലപാട് പൊലീസിനില്ല. ശരിയായ ദിശയിലാണ് അന്വേഷണമെന്നും കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവുശേഖരണവും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലും പുരോഗമിക്കുകയാണ്. വേടൻ രാജ്യം വിടുന്നത് തടയാൻ നടപടി സ്വീകരിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കുകയാണ്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതി നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടികളെന്നും കമ്മിഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |