ക്യാൻസറിനെതിരായ അതിജീവന പോരാട്ടത്തിലാണ് നമ്മൾ. പണ്ട് പുകയിലയും മദ്യപാനവുമാണ് കാരണമെങ്കിൽ, ക്യാൻസർ ജീവിതശൈലി രോഗമായത് ഭക്ഷണത്തിന്റെയും മറ്റു ജീവിതസാഹചര്യങ്ങളുടെയും ഫലമാണ്. അതിവേഗ രോഗനിർണയത്തിലൂടെ ചികിത്സ ഉറപ്പാക്കാൻ ഒരുവർഷത്തെ ജനകീയ ക്യാമ്പയിന് സർക്കാർ ഇന്ന് തുടക്കം കുറിയ്ക്കുന്നു. ക്യാൻസറിനെതിരായ പോരാട്ടത്തിന് കരുത്തേകാൻ കേരളകൗമുദിയുടെ പരമ്പര കൈകോർക്കാം ക്യാൻസറിനെതിരെ ആരംഭിക്കുന്നു.
തമിഴ്നാട്ടിലെ തിരുനൽവേലിയിൽ അടുത്തിടെ തിരുവനന്തപുരത്തു നിന്ന് മെഡിക്കൽ മാലിന്യങ്ങൾ തള്ളിയപ്പോൾ അവിടുത്തെ സർക്കാർ ശക്തമായി ഇടപെട്ടു. ഗ്രീൻ ട്രൈബ്യൂണൽ നിർദ്ദേശമനുസരിച്ച് കേരളത്തിലേക്ക് തിരിച്ചയച്ചു. എന്നാൽ മാരക വിഷം പ്രസരിപ്പിക്കുന്ന കീടനാശിനി തളിച്ച പച്ചക്കറികൾ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്കു കൊണ്ടുവരുമ്പോൾ പ്രതിരോധിക്കാനാകുന്നില്ല. കേരളത്തിലേക്ക് കീടനാശിനിയടിച്ച് പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക കൃഷിയിടങ്ങൾ തന്നെ അയൽ സംസ്ഥാനങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്. ഇത് തടയാൻ സർക്കാർ തലത്തിൽ രാഷ്ട്രീയ ഇടപെടലുകളുമില്ല.
കേരളത്തിന് പുറത്തുനിന്ന് പ്രതിദിനം ടൺകണക്കിന് പച്ചക്കറികളാണെത്തുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പഴവർഗങ്ങളിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൃഷി ചെയ്യുന്നവയിലും രാസകീടനാശിനി പ്രയോഗമുണ്ട്. ഏതുതരം കീടനാശിനികളാണ് രോഗ കാരണമാകുന്നതെന്ന് കണ്ടെത്തിയാലേ തടയാനാകൂ.
കഴിഞ്ഞമാസം വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച് കാർഷിക സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ കാരറ്റ്, കത്തിരിയ്‌ക്ക, ഉരുളക്കിഴങ്ങ്, നീളൻപയർ, സ്ട്രോബറി, നെല്ലിക്ക, മാതളം, കാപ്സിക്കം, വെണ്ടയ്‌ക്ക, പച്ചമുളക്, ആപ്പിൾ, പേരയ്ക്ക എന്നിവയിൽ അളവിൽ കൂടുതൽ രാസവളസാന്നിദ്ധ്യംകണ്ടെത്തി. ആരോഗ്യം ക്ഷയിപ്പിക്കുന്ന തിയാമെത്തോക്സം, മേണോക്രേട്ടേഫോസ്, അസ്‌ഫേറ്റ്, ഫെൻവാലറേറ്റ്, ഫ്ളൂപികോലൈഡ്, അസോക്സിസ്‌ട്രോബിൻ, പ്രൊപികോണസോൾ തുടങ്ങിയ കീടനാശികളാണ് കണ്ടെത്തിയത്. പരിശോധനകളിലൂടെ ഇവ കണ്ടെത്തുന്നുണ്ടെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളുടെ അഭാവം സ്ഥിതി ഗുരുതരമാക്കുന്നു.
വിഷമാണെന്ന് അറിഞ്ഞിട്ടും നിയമമില്ല
പഴങ്ങളും പച്ചക്കറികളുമായെത്തുന്ന വാഹനനങ്ങൾക്ക് ഇവ കൊണ്ടു വരുന്നതിനുള്ള ലൈസൻസുണ്ടോയെന്ന പരിശോധനയേ ചെക്ക് പോസ്റ്റുകളിൽ നടക്കുന്നുള്ളൂ. മൊബൈൽ ലാബുകൾ മതിയാകില്ല, എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പരിശോധിച്ച റിപ്പോർട്ടുകളേ നിയമപരമായി നിലനിൽക്കൂ. അതിനാൽ മാർക്കറ്റുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ലാബിൽ പരിശോധിക്കുന്നതാണ് രീതി. ദേശീയ സുരക്ഷാനിയമപ്രകാരം പഴങ്ങളും പച്ചക്കറികളും സംസ്ഥാനങ്ങളുടെ അതിർത്തിയിൽ പരിശോധിച്ച് കയറ്റിവിടമെന്ന നിയമമില്ല. അതിനാൽ കേരളത്തിൽ മാത്രം നടപ്പാക്കുക പ്രായോഗികമല്ല. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്രനിയമ നിർമ്മാണവും അനിവാര്യമാണ്.
കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ, സ്ത്രീ, പുരുഷ ഭേദമില്ല, സാമ്പത്തികമായി ഉയർന്നവരെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ക്യാൻസർ ആരിലും അപ്രതീക്ഷമായി കടന്നുവരും. ക്യാൻസർ വേരുകൾ മനുഷ്യജീവിതത്തിൽ ആഴത്തിലുറപ്പിച്ചതിനാൽ രോഗകാരണത്തിന് കൃത്യമായ ഉത്തരമില്ല! എന്നാൽ ജീവിതശൈലിയാണ് പ്രധാന കാരണമെന്നതിൽ വിദഗ്ദ്ധർക്കുൾപ്പെടെ തർക്കമില്ല. തെറ്റായ ഭക്ഷണം, അമിതവണ്ണം, മദ്യപാനം എന്നിവയ്ക്ക് കാൻസറുമായി അഭേദ്യബന്ധമുണ്ട്. വിഷാംശംകലർന്ന പച്ചക്കറികൾ, റെഡ് മീറ്റ്, ജങ്ക് ഫുഡ്സ്, കരിച്ചെടുക്കുന്ന ഭക്ഷണം എന്നിവ വൻകുടൽ, ചെറുകുടൽ, അന്നനാളം, ആമാശയം, മലദ്വാരം എന്നിവയിൽ രോഗമുണ്ടാക്കും. അമിതവണ്ണം സ്‌തനം, വൃക്ക, അന്നനാളം, പാൻക്രിയാസ്,പിത്തസഞ്ചി എന്നിവിടങ്ങളിലും, മദ്യപാനം കരളിനെയും വൻകുടലിലെയും കാൻസറിലേക്ക് നയിക്കും. അതിനാൽ ക്യാൻസർ ചികിത്സയപോലെ അവബോധത്തിനും പ്രധാന്യമുണ്ട്.
നാളെ: മുൻകൂട്ടി കണ്ടെത്താം ഫലപ്രദമായിചികിത്സിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |