
തിരുവനന്തപുരം: കേരള റൂറൽ വാട്ടർ സപ്ളൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിലുള്ള കുടിവെള്ള വിതരണത്തിനായുള്ള ജലനിധി പദ്ധതിയിൽ കോടികളുടെ അഴിമതി കണ്ടെത്തി വിജിലൻസ്. ഓപ്പറേഷൻ ഡെൽറ്റ എന്ന പേരിൽ ബുധനാഴ്ച രാവിലെ 11 മുതൽ ഇന്നലെ വൈകിട്ട് വരെ നടത്തിയ റെയ്ഡിലാണ് കോടികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തിയത്. 46 ഗ്രാമപഞ്ചായത്തുകളിലായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.
7.5 കോടി ചെലവിൽ കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതി, 5 കോടിയുടെ മലപ്പുറം ചോക്കാട്, 2.45 കോടിയുടെ വയനാട് തൊണ്ടർനാട്, 66 ലക്ഷത്തിന്റെ കണ്ണൂർ കുന്നോത്ത് മഞ്ഞക്കാഞ്ഞിരം, കോട്ടയം ഭരണങ്ങാനത്തെ 41.30 ലക്ഷത്തിന്റെ പാമ്പൂരാൻ പാറ, 20 ലക്ഷത്തിന്റെ വയനാട് പുൽപ്പളളി തുടങ്ങിയ പദ്ധതികൾ നിർജ്ജീവാവസ്ഥയിലാണ്.
കോഴിക്കോട്ടെ കട്ടിപ്പാറ പദ്ധതി രണ്ടുമാസം മാത്രമാണ് പ്രവർത്തിച്ചത്. പത്തനംതിട്ടയിലെ കണ്ണന്താനത്ത് സ്ഥാപിച്ച 15 പദ്ധതികളിൽ ആറെണ്ണവും കാസർകോട് പെരിയയിലെ രണ്ടെണ്ണവും കോട്ടയം കടപ്ലമറ്റം പദ്ധതിയും ഉപയോഗശൂന്യമാണ്. ജല ലഭ്യത ഉറപ്പാക്കതെയാണ് പദ്ധതികളെല്ലാം നടപ്പാക്കിയതെന്നതിനാൽ ഉപഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ജലാശയങ്ങളിൽ നിന്ന് നേരിട്ട് പമ്പ് ചെയ്യുന്ന ജലം പലയിടത്തും ശുദ്ധീകരിക്കുക പോലും ചെയ്യാതെ ഉപഭോക്താക്കൾക്ക് നൽകുകയാണ് ചെയ്യുന്നത്.
കരാറുകാർ ബിനാമികൾ
ജലനിധി നിർവഹണ മേൽനോട്ടം ഗുണഭോക്താക്കളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റിക്കാണ്. എന്നാൽ, സ്വകാര്യ വ്യക്തികൾ മാത്രമുള്ള ഈ കമ്മിറ്റി ഏറ്റെടുക്കുന്ന ഓരോ സ്‌കീമുകൾക്കും കരാറുകാരെ തിരഞ്ഞെടുക്കുന്നത് സുതാര്യമായല്ലെന്നും അംഗങ്ങളുടെ ബിനാമികളാണ് പല കരാറുകാരുമെന്നും വിജിലൻസ് കണ്ടെത്തി.മലപ്പുറം, വയനാട്, തൃശൂർ , കോട്ടയം ജില്ലകളിൽ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചതായും കണ്ടെത്തി. ജലനിധി പദ്ധതി നടപ്പിലാക്കിയ മറ്റ് പഞ്ചായത്തുകളിലും പരിശോധന വ്യാപിപ്പിക്കുമെന്നും ക്രമക്കേടുകളെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |