തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി തുറമുഖ വകുപ്പ് കേരള ഫിനാൻസ് കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് 400 കോടി രൂപ കൂടി വായ്‌പയെടുക്കുന്നു. മാർച്ച് 31ന് 100 കോടി വായ്‌പയെടുത്തിരുന്നു. ഹഡ്‌കോ വായ്‌പ വൈകുമെന്നതിനാലാണ് കെ.എഫ്.സി യെ സമീപിക്കുന്നത്.
ഹഡ്കോയിൽ നിന്ന് സർക്കാർ ഗ്യാരണ്ടിയോടെ 3600 കോടി രൂപ വായ്‌പയെടുക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. എന്നാൽ വായ്‌പ അനുവദിക്കുന്നതിന് രണ്ടുതവണ ഹഡ്കോയുടെ ബോർഡ് ഒഫ് ഡയറക്ടേഴ്സ് യോഗം ചേരണം. ഇതിന് 70 ദിവസത്തെ കാലതാമസമുണ്ടാകും. അതിനുമുമ്പ് വിഴിഞ്ഞം ജംഗ്‌ഷൻ വികസനത്തിന് ഭൂമിയേറ്റെടുക്കുകയും റെയിൽപാത നിർമ്മിക്കുന്നതിന് റെയിൽവേക്ക് മുൻകൂർതുക നൽകുകയും വേണം. അതിനാണ് കെ.എഫ്.സിയിൽ നിന്ന് 400 കോടി വായ്പയെടുക്കുന്നത്.
അദാനിയുടെ ബാക്കി പണം
പുലിമുട്ട് നിർമ്മാണത്തിന്റെ ആദ്യ ഗഡുവായി കരാർ പ്രകാരം സർക്കാർ 347 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നൽകേണ്ടത്. ഇതിൽ 100 കോടി നൽകിയെങ്കിലും ബാക്കി തുകയും ഉടൻ കൈമാറണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിനാണ് തത്‌ക്കാലം സർക്കാർ മുൻഗണന നൽകുന്നത്. കെ.എഫ്.സിയിൽ നിന്നു വായ്‌പയെടുക്കുന്നതിൽ അവശേഷിക്കുന്ന തുക അദാനി ഗ്രൂപ്പിന് കൈമാറാനും ആലോചനയുണ്ട്.
വൈകാതെ കോൺക്രീറ്റ് പാത
തുറമുഖത്ത് പുലിമുട്ടിന്റെ മുകളിൽ കോൺക്രീറ്റ് പാതയൊരുക്കൽ വൈകാതെ ആരംഭിക്കും. മാതൃക എന്ന നിലയ്‌ക്ക് ഏതാനും മീറ്റർ കോൺക്രീറ്റ് നടത്തിയിട്ടുണ്ട്. കോൺക്രീറ്റ് പൂർത്തിയാകുന്നതോടെ വിശാലമായ പാതയായി ഇതുമാറും. നിലവിൽ പുലിമുട്ട് നിർമ്മാണം 2200 മീറ്ററാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ നിർമ്മാണം വീണ്ടും തുടരും. കോൺക്രീറ്റ് പൂർത്തിയാകുമ്പോൾ പുലിമുട്ട് സമുദ്രനിരപ്പിൽ നിന്ന് 5 മീറ്ററോളം പൊക്കത്തിലാവും. പുലിമുട്ടിന്റെ നീളം സമുദ്ര ഉപരിതലത്തിൽ കാണാവുന്ന നിലയിൽ 2026 മീറ്ററും കടലിനടിയിൽ 2300 മീറ്ററും പൂർത്തിയായി. കരയിൽ ലോറികളിലും കടലിൽ ബാർജുകളിലും കരിങ്കല്ല് നിക്ഷേപിച്ചാണ് പുലിമുട്ട് നിർമ്മിക്കുന്നത്. പുലിമുട്ടിന് കൂടുതൽ ബലമേകാൻ തിരയടിക്കുന്നതിന് അഭിമുഖ ഭാഗത്ത് കോൺക്രീറ്റ് നിർമ്മിതിയായ അക്രോപോഡുകൾ പ്രത്യേക രീതിയിൽ അടുക്കി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |