
കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് അടുത്തമാസം പകുതി മുതൽ കൊല്ലം പോർട്ടിൽ ആരംഭിക്കും. കശുഅണ്ടിയും കയറുമാകും കൊല്ലം പോർട്ടിൽ സംഭരിച്ച് വിഴിഞ്ഞത്തേക്ക് കൊണ്ടുപോവുക.
ജില്ലയിലെ കശുഅണ്ടി ഫാക്ടറികളിൽ നിന്നുള്ള കശുഅണ്ടി പരിപ്പ് നിലവിൽ കൊച്ചി തുറമുഖം വഴിയാണ് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇതിന് പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് കയറും കയറുത്പന്നങ്ങളും കൊല്ലം പോർട്ടിൽ സംഭരിച്ച് വിഴിഞ്ഞത്തേക്ക് കൊണ്ടുപോകും. ഇതിന് പുറമേ വിഴിഞ്ഞത്ത് എത്തുന്ന തോട്ടണ്ടിയും കൊല്ലം പോർട്ടിൽ എത്തിച്ച് സംഭരിച്ച ശേഷം കശുഅണ്ടി ഫാക്ടറികൾക്ക് കൈമാറും. നിലവിൽ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് തോട്ടണ്ടി ഇറക്കുമതി നടക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചുള്ള കണ്ടെയ്നറർ ഫ്രെയിറ്റ് സർവീസ് വൈകുന്നത്. അടുത്തമാസം പകുതിയോടെ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. കശുഅണ്ടിക്കും കയറിനും പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് വിഴിഞ്ഞം പോർട്ടിലേക്കുള്ള മറ്റ് ചരക്കുകളും കൊല്ലം പോർട്ടിലെ വെയർഹൗസിൽ സംഭരിക്കും. കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന ചരക്ക് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സീൽ പതിച്ച് ട്രക്കിലോ ലോറിയിലോ വിഴിഞ്ഞം പോർട്ടിലേക്ക് കൊണ്ടുപോകും. സമാനമായ തരത്തിൽ ചരക്ക് ട്രക്കുകളിൽ കൊല്ലം പോർട്ടിലേക്കും കൊണ്ടുവരും. പിന്നീട് ലോറി മാർഗം ഉടമകൾക്ക് കൈമാറും. കൊല്ലം പോർട്ടിലെ വെയർഹൗസിനും യാർഡിനും പുറമേ കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനും ക്രെയിൻ, റീച്ച് സ്റ്റാക്കർ എന്നിവ ഉപയോഗിക്കുന്നതിലൂടെ വൻ തുക വരുമാനം ലഭിക്കും.
കയറ്റുമതിയുടെ വഴിമാറും
കശുഅണ്ടി കൊച്ചിയിലേക്ക് കൊണ്ടുപോകേണ്ട
നിലവിൽ കൊച്ചിയിൽ നിന്ന് ഫീഡർ കപ്പലിൽ കയറ്റും
കൊളംബയിലോ ദുബായിലോ എത്തിച്ച് മദർഷിപ്പിലേക്ക് മാറ്റും
വിഴിഞ്ഞം വഴിയാകുമ്പോൾ ലോറി വാടക കുറയും
നേരിട്ട് മദർഷിപ്പിൽ കയറ്റും, കയറ്റുമതി വേഗത വർദ്ധിക്കും
കയറ്റുമതി ചെലവ് കുറയും
കൂടുതൽ ഇനം ചരക്ക് കണ്ടെത്താനുള്ള ശ്രമം കൊല്ലത്തിന് പുറമേ സമീപ ജില്ലകൾ കേന്ദ്രീകരിച്ചും നടക്കുകയാണ്.
സ്വകാര്യ ഷിപ്പിംഗ് ഏജൻസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |