തിരുവനന്തപുരം: കേരളത്തിൽ തിടുക്കത്തിൽ വോട്ടർ പട്ടിക തീവ്ര പുന:പരിശോധ വേണ്ടെന്ന് ഏകകണ്‌ഠമായി പ്രമേയം പാസാക്കി നിയമസഭ. ഇത് ദുരുദ്ദേശ്യപരവും അശാസ്ത്രീയവും ജനവിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനാണ്. ബീഹാറിലെ പുന:പരിശോധന സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കുന്നത് നിഷ്‌കളങ്കമായി കാണാനാവില്ല. ദീർഘകാല തയ്യാറെടുപ്പില്ലാതെ തിടുക്കത്തിൽ നടപ്പാക്കുന്നത് കമ്മിഷനെ സംശയത്തിന്റെ നിഴലിലാക്കി.തദ്ദേശ തിരഞ്ഞെടുപ്പ് ഉടനുണ്ടാവും. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. ഈ സാഹചര്യത്തിലെ തിടുക്കം ദുരുദ്ദേശ്യപരമാണ്. 1987നു ശേഷം ജനിച്ചവർ പിതാവിന്റെയോ മാതാപിതാക്കളുടെയോ പൗരത്വരേഖ നൽകിയാലേ വോട്ടറാവൂ. 2003നു ശേഷം ജനിച്ചവർ രണ്ടു പേരുടെയും പൗരത്വരേഖ നൽകണം. ഇത് ഭരണഘടനാ ലംഘനമാണ്. ന്യൂനപക്ഷങ്ങൾ, പട്ടികവിഭാഗക്കാർ, സ്ത്രീകൾ, ദരിദ്രർ എന്നിവരാണ് പുറത്താവുന്നതിലേറെയും. പ്രവാസികളുടെ വോട്ടവകാശവും നിലനിറുത്തണം. 2002അടിസ്ഥാനമാക്കിയുള്ള പുന:പരിശോധന അശാസ്ത്രീയവുമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തെ പൊടി തട്ടിയെടുക്കുന്നവർ തീവ്ര പുന:പരിശോധനയെ ഏതു വിധത്തിലും ഉപയോഗിക്കുമെന്നതും വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന നടപടികളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്തിരിഞ്ഞ് സുതാര്യമായി വോട്ടർ പട്ടിക പുതുക്കണമെന്നും പ്രമേയത്തിൽ
പറയുന്നു.
വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാവണം: ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം : വോട്ടർപട്ടിക പരിഷ്കരിക്കുന്നതിൽ സുതാര്യത ഉണ്ടാവണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെ ഇടതുമുന്നണി സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ജനങ്ങളോടു വിശദീകരിക്കാൻ അടുത്ത മാസം 21 മുതൽ 27 വരെ ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |