
ബിഗ് ബോസ് വിജയിയായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് അനുമോൾ. പിആർ ബലത്തോടെയാണ് വിജയിച്ചതെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും അനുമോൾക്ക് കിട്ടുന്ന ജനപിന്തുണ വളരെ കൂടുതലാണ്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിൽ പങ്കെടുത്ത കാലം മുതൽ അനുമോൾക്ക് സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും ധാരാളം ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫാൻസ് പേജുകളുമുണ്ട്. ഇപ്പോഴിതാ നടി അഹാന കൃഷ്‌ണയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് അനുമോളുടെ ആരാധകർ.
അടുത്തിടെ ഒരു പൊതുസ്ഥലത്ത് വച്ച് അഹാനയോട് ബിഗ് ബോസിലെ അനുമോളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ഇതിന് കാരണം. 'അടി എന്ന സിനിമയിലുണ്ടായിരുന്നു. കുറേ പൂച്ചകളൊക്കെയുള്ള ചേച്ചിയല്ലേ. എനിക്കറിയാവുന്ന അനുമോൾ അതാണ്. ആ ചേച്ചിയാണോ'- എന്നാണ് അഹാന ചോദിച്ചത്. അഹാനയ്‌ക്ക് ആളെ മനസിലായില്ലെന്ന് സംസാരത്തിൽ വ്യക്തമാണ്.
എന്നാൽ അനുമോളെ അറിയാതിരിക്കാൻ വഴിയില്ലെന്നും അഹാന അഭിനയിക്കുകയാണെന്നുമാണ് വിമർശകർ പറയുന്നത്. ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം എല്ലാവർക്കും സുപരിചിതമായ മുഖമാണ് അനുമോൾ. രണ്ടുപേരും തിരുവനന്തപുരത്തുള്ളവരാണ്. അഹാനയ്‌ക്ക് അനുമോളെ അംഗീകരിക്കാൻ മടിയാണെന്നും ചിലർ പ്രതികരിച്ചു.
'നിന്നെക്കാളും ഫേമസാ അനുമോൾ, ഗമ കാണിക്കാൻ പറഞ്ഞതാ, ഈഗോ ഹർട്ടായി, അയ്യോ പാവം അനുമോളെ അറിയില്ല, അവളുടെ ജാഡ കണ്ടില്ലേ, ഫോണിൽ റീൽസ് എങ്കിലും കണ്ടിട്ടുണ്ടാവും, സ്വന്തം വീട്ടിൽ തന്നെ എത്ര യൂണിവേഴ്‌സ് ഉണ്ടെന്ന് അവൾക്ക് അറിയില്ല അപ്പോഴാ അനുമോൾ' - തുടങ്ങി ധാരാളം കമന്റുകൾ അഹാനയെ വിമർശിച്ചുകൊണ്ട് വന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |