തിരുവനന്തപുരം: നിവർത്തന പ്രക്ഷോഭം ആളിക്കത്തിയപ്പോൾ അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് വി.എസ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തും സജീവമായ അദ്ദേഹം പി.കൃഷ്ണപിള്ളയുടെ ആശീർവാദത്തോടെ 1940-ൽ കമ്യൂണിസ്റ്ര് പാർട്ടി അംഗമായി. സഖാവിന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോകേണ്ടിവന്ന അദ്ദേഹത്തെ പൂഞ്ഞാറിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ കൊടിയ മർദ്ദനത്തിനാണ് ഇരയായത്. നാല് വർഷത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു. ലോക്കപ്പിൽ പൊലീസുകാർ കുത്തിയിറക്കിയ ബയണറ്റിന്റെ മുറിപ്പാട് മായാതെ വി.എസിന്റെ കാലിൽ അവശേഷിച്ചു, ത്യാഗത്തിന്റെയും ധീരതയുടെയും സാക്ഷ്യം പോലെ.
ദീർഘകാല രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും
മുഖ്യമന്ത്റിയാകും മുമ്പ് സംസ്ഥാന മന്ത്റിയായിട്ടില്ല.
പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടിക്ക് അധികാരം കിട്ടാതാവുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്കപ്പോഴും. അതിന് മാറ്റം വന്നത് 2006ലാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 98 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി.
പ്രതിപക്ഷ നേതാവായും തിളങ്ങി
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയിലും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച വി.എസ്, ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കൈയേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് അദ്ദേഹത്തെ വലിയ ജനപ്രിയനാക്കിയത്.
മുഖ്യമന്ത്റി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽ അടിയുറച്ച് നിന്നുള്ള ഭരണ നിർവഹണം കരുത്തായി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തെരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും പ്രശസ്തി നേടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |