പാലോട്: നാട്ടിൽപുറങ്ങളിൽ മുറിവുണങ്ങാൻ ഉപയോഗിക്കുന്ന സസ്യമാണ് സ്ട്രോബലാന്തസ് ആൾട്ടർനേറ്റ എന്ന ശാസ്ത്രനാമമുള്ള മുറികൂടിപ്പച്ച. ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവിൽ പുരട്ടി കെട്ടിവച്ചാൽ ആഴത്തിലുള്ള മുറിവ് പോലും വേഗം കരിയും.
ഇതിലടങ്ങിയിരിക്കുന്ന "ലൂപ്പിയോൾ" എന്ന ഘടകമാണ് ഇതിന് കാരണമെന്നാണ് കരുതിയത്. എന്നാൽ "ആക്ടിയോസിഡ്" എന്ന സംയുക്തമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ സെന്റർ ഒഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശ്രേഷ്ഠ പദ്ധതി വഴി മുറിവുണക്കുന്ന 'പാഡ്' വികസിപ്പിച്ചു. മുറികൂടിപ്പച്ചയിൽ വലിയ തോതിൽ കാണുന്ന 'ആക്ടിയോസിഡ്' സംയുക്തത്തിന് രാജ്യാന്തര വിപണിയിൽ മില്ലിഗ്രാമിന് 4500 മുതൽ 6000 രൂപ വരെയാണ് വില. പാഡിലെ നേർത്ത നാനോ ഫൈബർ പാളി വേഗത്തിൽ മുറിവുണക്കും. ഇതിൽ ആക്ടിയോസിഡും ആന്റിബയോട്ടിക്കായ നിയോമൈസിൻ സൾഫേറ്റും അടങ്ങിയിട്ടുണ്ട്. ദുർഗന്ധമില്ലാതാക്കുകയും സൂക്ഷ്മാണുക്കളുടെ വളർച്ച തടയുകയും ചെയ്യും. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. പാഡിന് പേറ്റന്റ് നേടാൻ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ.വി.ഗായത്രി,ഡോ.എസ്.അജികുമാരൻ നായർ,ഡോ.ബി.സാബുലാൽ,നീരജ്.എസ്.രാജ്,ഡോ.വി. അരുണാചലനം എന്നിവരറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |