ദുബായ്: ഇന്ത്യൻ ബൗളിംഗിനും ബാറ്റിംഗിനും മുന്നിൽ ഒന്നും ചെയ്യാനായില്ല യുഎഇ ടീമിന്. ഏഷ്യാ കപ്പിൽ ആദ്യമത്സരത്തിൽ സ്വന്തം നാട്ടിൽ ദയനീയ തോൽവിയാണ് ആതിഥേയർക്കുണ്ടായത്. 58 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരൊറ്റ വിക്കറ്റ് നഷ്‌ടത്തിൽ വെറും 27 പന്തിൽ മറികടന്നു. തകർത്തടിച്ച അഭിഷേക് ശർമ്മ (30)യുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. 16 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
ഗിൽ ഒൻപത് പന്തിൽ 20 റൺസോടെയും നായകൻ സൂര്യകുമാർ യാദവ് രണ്ട് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. യുഎഇയ്‌ക്കായി ജുനൈദ് സിദ്ദിക് ആണ് ആശ്വാസ വിക്കറ്റ് നേടിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യ, യുഎഇയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബുംറ മുന്നിൽനിന്ന് വിക്കറ്റ്‌വേട്ടയ്ക്ക് തുടക്കമിട്ടപ്പോൾ സ്പിന്നർ കുൽദീപ് യാദവ്, ശിവം ദുബെ എന്നിവർ നാലും മൂന്നും വിക്കറ്റുകൾ നേടി യുഎഇയുടെ തകർച്ച പൂർണമാക്കി. 13.1 ഓവറിൽ വെറും 57 റൺസിന് യുഎഇ ഓൾഔട്ടായി. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്.
ശിവം ദുബെ രണ്ട് ഓവറിൽ നാല് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. യുഎഇയ്ക്ക് വേണ്ടി മികച്ച തുടക്കം കുറിച്ച അലിഷാൻ ഷറഫു (22) ആണ് ടോപ് സ്‌കോറർ. സഹ ഓപ്പണറും നായകനുമായ മുഹമ്മദ് വാസിം 19 റൺസ് നേടി. മറ്റാർക്കും രണ്ടക്കം കുറിക്കാനായില്ല. കുൽദീപിനും ദുബെയ്ക്കും പുറമെ ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |