അമ്പലപ്പുഴ: വി.എസിന്റെ കുടുംബ വീടായ പറവൂർ വെന്തലത്തറയിൽ ഇപ്പോൾ താമസിക്കുന്നത് ഇളയ സഹോദരി ആഴിക്കുട്ടിയാണ്. 94 വയസായ ആഴിക്കുട്ടിക്ക് പ്രായാധിക്യത്തിന്റെ ഓർമ്മക്കുറവുണ്ട്. കിടപ്പിലാകുന്ന കാലം വരെയും വി.എസിനെക്കുറിച്ച് ചോദിച്ചാൽ നൂറുനാവായിരുന്നു ആഴിക്കുട്ടിക്ക്. ഓണത്തിന് കാണാൻ വന്നതും ഓണക്കോടി തന്നതും പറയുമ്പോൾ ആഴിക്കുട്ടിയുടെ വാടിയ മുഖത്ത് സൂര്യപ്രഭ വിരിയുമായിരുന്നു. മൂത്ത ജ്യേഷ്‌ഠൻ ഗംഗാധരന്റെ തുന്നൽ കടയിൽ സഹായിക്കാനായി പോകുന്നതും ഇടയ്ക്ക് കടയിൽ നിന്ന് മുങ്ങി പാർട്ടി പ്രവർത്തനങ്ങൾക്ക് പോകുന്നതും ഗംഗാധരൻ ചേട്ടൻ തെരക്കി നടക്കുന്നതും ചിരിയോടെയാണ് ആഴിക്കുട്ടി വിവരിച്ചിരുന്നത്. രണ്ടു പെൺമക്കളായിരുന്നു ആഴിക്കുട്ടിക്ക്. വർഷങ്ങൾക്ക് മുമ്പ് ഇളയമകൾ സുശീല മരിച്ചു. മൂത്ത മകൾ രുക്മണിയും ഭർത്താവ് വിശ്വംഭരനും താമസം ചേർത്തലയിലാണ്. മരിച്ച സുശീലയുടെ ഭർത്താവ് പരമേശ്വരനും കൊച്ചുമക്കളായ ഗായത്രിയും അഖിൽ വിനായകുമാണ് ഒപ്പമുള്ളത്. പുന്നപ്ര- വയലാർ സമര സേനാനിയായിരുന്ന ഭർത്താവ് ഭാസ്‌കരൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |