സർ സി.പി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന കാലം. 1946ൽ എനിക്കും അറസ്റ്റ് വാറന്റുണ്ടായിരുന്നു. ഒക്ടോബർ 23ലെ പുന്നപ്ര പൊലീസ് ആക്രമണത്തിനുശേഷം ഞാൻ വീണ്ടും ഒളിവുജീവിതത്തിന് പൂഞ്ഞാറിലേക്ക് പോയി. പൂഞ്ഞാറിൽ നേരത്തേ പ്രവർത്തിച്ചിരുന്നപ്പോൾ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന വിവരം എങ്ങനെയോ പുറത്തറിഞ്ഞിരുന്നു.
പൊലീസ് എനിക്കെതിരെ വലവീശി കാത്തിരിക്കുന്ന സമയത്താണ് വീണ്ടും പൂഞ്ഞാറിലെത്തിയത്. വെടിവയ്പ് കഴിഞ്ഞതോടെ സി.പി കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആക്രമണം ശക്തിപ്പെടുത്തി. കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടി വലവിരിച്ചു. ഒക്ടോബർ 23ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചത് സി.പിയെ സംബന്ധിച്ചിടത്തോളം ഒരു ഷോക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 28ന് എന്നെ പൂഞ്ഞാറിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ഇതിനിടെ വയലാർ അടക്കമുള്ള എല്ലാ ക്യാമ്പുകളും പട്ടാളം ആക്രമിച്ചിരുന്നു. അറുന്നൂറിലേറെ തൊഴിലാളികളെയാണ് പട്ടാളം കൊന്നൊടുക്കിയത്. രാജ്യത്താകെ ഞെട്ടിക്കുംവിധം ചർച്ച ചെയ്യപ്പെടുന്ന വലിയ സംഭവമായി പുന്നപ്ര- വയലാർ മാറി.
പൂഞ്ഞാറിൽ അറസ്റ്റ് ചെയ്യപ്പെട്ട എന്നെ പാലാ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. ഈരാറ്റുപേട്ടയിലെ പൊലീസ് ഔട്ട്പോസ്റ്റ് മുതൽ മർദ്ദനം തുടങ്ങിയിരുന്നു. എന്നെ അറസ്റ്റ് ചെയ്തതറിഞ്ഞ് ആലപ്പുഴയിൽ നിന്ന സി.ഐ.ഡിമാർ പാലാ പൊലീസ് സ്റ്റേഷനിലെത്തി. 'സുഗതൻ സർ അടക്കമുള്ളവർ ജയിലിൽ സുഖമായി കഴിയുന്നു. നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കി, പൊലീസ് ക്യാമ്പിനെതിരെ ആക്രമണം നടത്തിച്ചു." എന്നെല്ലാമായിരുന്നു ആലപ്പുഴയിൽ നിന്നെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാർ പറഞ്ഞത്.
ഇതിനിടെ ഇടിയൻ നാരായണപിള്ള എത്തി. എന്നെ അറസ്റ്റുചെയ്ത കുടിൽ പൊലീസ് അരിച്ചുപെറുക്കിയിരുന്നു. ഒന്നുരണ്ട് കടലാസുകൾ മുളയുടെ പൊത്തിൽ തിരുകി വച്ചിരുന്നത് അവർ കണ്ടുപിടിച്ചു. ഇതെന്താണെന്നായിരുന്നു ആദ്യത്തെ അന്വേഷണം. അവിടത്തെ കുട്ടികൾ എന്തെങ്കിലും എഴുതിവച്ചതായിരിക്കുമെന്ന് മറുപടി. കെ.വി.പത്രോസ് എവിടെ, കെ.സി.ജോർജ് എവിടെ, ഇ.എം.എസ് എവിടെ തുടങ്ങിയ ചോദ്യങ്ങൾ പൊലീസ് ആരംഭിച്ചു. എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. ഈ നേതാക്കളുടെ വിവരങ്ങളെല്ലാം അറിയുന്ന, ആക്രമണത്തിന്റെ സൂത്രധാരനായ ഒരാളായാണ് പൊലീസ് എന്നെ കണ്ടത്. ആലപ്പുഴയിൽ നിന്നെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പാലാ പൊലീസിന് നൽകിയ വിവരവും അതായിരുന്നു. ഇതേത്തുടർന്നാണ് പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും വിവരങ്ങൾ ചോർത്തിയെടുക്കാൻ എനിക്കുനേരെ ക്രൂരമർദ്ദനം ആരംഭിച്ചത്. എത്ര മർദ്ദിച്ചിട്ടും ഒരു വിവരവും എന്നിൽ നിന്ന് കിട്ടില്ലെന്ന് ഉറപ്പുവന്നപ്പോൾ മർദ്ദനത്തിന്റെ രീതി മാറ്റി.
എന്റെ കാലുകൾ അവർ ലോക്കപ്പിന്റെ അഴികൾക്കിടയിലൂടെ പുറത്തെടുത്തു. തുടർന്ന് ലോക്കപ്പ് അഴികൾക്ക് വിലങ്ങനെ കാലുകളിൽ ലാത്തി വച്ചുകെട്ടി. കാൽ അകത്തേക്ക് വലിച്ചാൽ പോരാതിരിക്കാൻ. എന്നിട്ട് ലോക്കപ്പ് പൂട്ടി. കുറച്ച് പൊലീസുകാർ ലോക്കപ്പിന് അകത്തുനിന്നു. കുറച്ച് പൊലീസുകാർ പുറത്തും. ഞാനാകെ ലോക്കപ്പിനകത്തുമില്ല പുറത്തുമില്ല എന്ന അവസ്ഥയിലായിരുന്നു. കാലുകളും പാദങ്ങളും ലോക്കപ്പ് അഴികൾക്ക് പുറത്തും ബാക്കി ശരീരഭാഗങ്ങൾ ലോക്കപ്പിനകത്തും. ഇതായിരുന്നു അവസ്ഥ. ലാത്തി വിലങ്ങനെ കെട്ടിയതിനാൽ എത്ര മർദ്ദിച്ചാലും കാൽ അകത്തേക്ക് വലിക്കാനാവില്ല. അകത്തേക്ക് വലിക്കുമ്പോൾ കുറുകെ കെട്ടിയ ലാത്തി ലോക്കപ്പഴികളിൽ തടഞ്ഞ് തടസപ്പെടുത്തും. ഈഅവസ്ഥയിലെത്തിച്ച ശേഷം വീണ്ടും ഇ.എം.എസും കെ.വി.പത്രോസും എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആവർത്തിച്ച് ചോദിച്ചു. അറിയില്ലെന്ന് ഞാനും. ഇതോടെ പുതിയ രീതിയിലുള്ള മർദ്ദനം തുടങ്ങി. അകത്ത് നിൽക്കുന്ന പൊലീസുകാർ തോക്കിന്റെ പാത്തി കൊണ്ട് എന്നെ അടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കും പോലെ. പുറത്തുള്ള പൊലീസുകാർ രണ്ട് കാല്പാദങ്ങൾക്കകത്തും ചൂരൽ മാറിമാറി തല്ലി. മർദ്ദനത്തിന്റെ പാരമ്യതയിൽ ബോധം നശിക്കുന്ന അവസ്ഥയിലെത്തി. ഉള്ളം കാലിൽ അടിക്കുന്ന ഓരോ അടിയും തലയിൽ മുഴങ്ങുന്ന അവസ്ഥ. വേദന ഉള്ളം കാലിന് നഷ്ടപ്പെട്ടു. ഉള്ളംകാലിലെ ഓരോ അടിയും തലച്ചോറിൽ ഏൽക്കുന്ന അനുഭവം. ഇതിനിടെ ഒരു പൊലീസുകാരൻ ബയണറ്റ് തോക്കിൽ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മർദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിപ്പിച്ച തോക്ക് ഉള്ളം കാലിലേക്ക് ആഞ്ഞുകുത്തി. കാല്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി. പിന്നീട് കണ്ണ് തുറന്നത് പാലാ ആശുപത്രിയിലാണ്.
ഇതിനിടെ നടന്ന സംഭവം ലോക്കപ്പിലുണ്ടായിരുന്ന കള്ളന്മാർ പറഞ്ഞ് പിന്നീട് അറിഞ്ഞു. അതിങ്ങനെ: മരിച്ചു എന്ന് കരുതി പൊലീസ് എന്നെ കാട്ടിൽ കൊണ്ട് കളയാൻ തീരുമാനിച്ചു. കള്ളന്മാർക്ക് എന്നോട് വലിയ സ്നേഹമായിരുന്നു. എന്നെ കാട്ടിൽ ഉപേക്ഷിക്കാൻ കള്ളന്മാരെയും പൊലീസ് കൂടെക്കൂട്ടി. പൊലീസ് എന്നെ ജീപ്പിലേക്ക് എടുത്തിട്ടു. കുറേ മുന്നോട്ട് പോയി കാട്ടിൽ കൊണ്ടിട്ടു. ആ സമയത്ത് ഞാൻ സാവകാശം ശ്വാസം കഴിക്കുന്നുണ്ടെന്ന് കള്ളൻ കോലപ്പന് മനസിലായി. ഇത് കോലപ്പൻ പൊലീസുകാരോട് പറഞ്ഞു. ജീവനുള്ളത് കൊണ്ട് കാട്ടിൽ കളയാൻ തങ്ങൾക്കാവില്ലെന്ന് അവർ ശഠിച്ചു. അങ്ങനെ കള്ളന്മാരുടെ നിർബന്ധത്തെ തുടർന്ന് എന്നെ കാട്ടിൽ ഉപേക്ഷിക്കാതെ പൊലീസ് പാലാ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെ ഡോക്ടർമാരിൽ ദേശീയബോധമുള്ള ചിലരുണ്ടായിരുന്നു. അവർ എനിക്കനുകൂലമായ നിലപാടെടുത്തു. ഇങ്ങനെ മർദ്ദിച്ച് കൊല്ലാൻ ആരാണ് നിങ്ങൾക്കനുവാദം നൽകിയതെന്ന് അവർ പൊലീസുകാരെ ചോദ്യം ചെയ്തു. പൊലീസുകാരോട് പുറത്ത് പോകാനും എന്നോടൊപ്പം വന്ന തടവുകാർക്കൊപ്പം ഡ്യൂട്ടി പൊലീസുകാർ മാത്രം ആശുപത്രിയിൽ സംരക്ഷണത്തിന് നിൽക്കട്ടെയെന്നും ഡോക്ടർമാർ പറഞ്ഞു. അവരുടെ ചികിത്സയും മരുന്നും ഫലിക്കുമെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും തോന്നിത്തുടങ്ങി. എനിക്ക് പതുക്കെ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. എട്ടൊമ്പത് മാസം കഴിയാതെ കാല് ശരിയാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബയണറ്റ് കൊണ്ടുണ്ടായ മുറിവുണങ്ങാൻ സമയമെടുക്കും എന്നതായിരുന്നു കാരണം. ഒമ്പത് മാസം കഴിഞ്ഞു, പിന്നീട് കാല് ശരിക്കും നിലത്ത് കുത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |