തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം രണ്ടുപേരെ ഹരിയാനയിൽ കസ്റ്റഡിയിലെടുത്തു. പരീക്ഷാ തട്ടിപ്പിന് സഹായിച്ചവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ അടുത്തദിവസം തിരുവനന്തപുരത്ത് എത്തിക്കും. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധധരടങ്ങുന്ന സംഘമാണ് ഹരിയാനയിലെ രഹസ്യകേന്ദ്രത്തിലിരുന്ന് പരീക്ഷാ തട്ടിപ്പ് നിയന്ത്രിച്ചത്. ഹരിയാനയിലെത്തിയ പൊലീസ് സംഘം പരീക്ഷാ കേന്ദ്രങ്ങൾ നടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതി ഹരിയാന സ്വദേശി അമിത്തിനെ 28വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഋഷിപാൽ എന്ന പേരിലായിരുന്നു ആൾമാറാട്ടം. ഇയാൾക്കൊപ്പം 4പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പരീക്ഷാ ഹാളിലെത്തിച്ചും ഇൻവിജിലേറ്ററെ കാണിച്ചും തെളിവെടുപ്പ് നടത്തുന്നതിനാെപ്പം കൈയക്ഷരം ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുമായി 4 ദിവസത്തെ കസ്റ്റഡി വേണമെന്ന സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പളളി മനുവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, എ.എസ്.പി ദീപക് ചഹാർ, മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിൽ അന്വേഷണം തുടരുകയാണ്. ഗുഡ്ഗാവിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിൽ സംഘം പരിശോധന നടത്തി. ഇവിടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ആൾമാറാട്ടത്തിനുള്ളവരെ തിരഞ്ഞെടുത്തതും പരിശീലിപ്പിച്ചതും ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറിയതും ഇവിടെ വച്ചാണെന്നാണ് പൊലീസ് നിഗമനം. 2 ലക്ഷം രൂപ വരെ അപേക്ഷകരിൽ നിന്ന് ഈടാക്കിയായിരുന്നു തട്ടിപ്പ്. യഥാർത്ഥ അപേക്ഷകരടക്കം ചുരുങ്ങിയത് 5 പേർ കൂടി പ്രതികളാവുമെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |