അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക സേവന, ഇറക്കുമതി തീരുവ ചുമത്തുന്ന തീരുമാനങ്ങൾ ഇന്ത്യയിലെ ഐ.ടി മേഖലയെയും നിരവധി തൊഴിൽ മേഖലകളെയും ബാധിക്കും. ഇതിനകം ടി.സി.എസ് അടക്കമുള്ള ഇന്ത്യൻ ഐ.ടി കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. അതിനൊപ്പം എച്ച് 1 ബി വിസ അപേക്ഷകർക്കുള്ള ഫീസ് 5 ലക്ഷത്തിൽനിന്ന് 88 ലക്ഷത്തിലേക്ക് ഇന്നലെ കുത്തനെ കൂട്ടുകകൂടി ചെയ്തതോടെ വൻ പ്രതിസന്ധിയാണ് നമ്മുടെ ഐ.ടി മേഖലയ്ക്കു മുന്നിലുള്ളത്. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിംഗ്) ജോലി നേടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയാണ്.
എങ്ങനെ മറികടക്കാം
...........................................
അമേരിക്കൻ വെല്ലുവിളി മറികടക്കാൻ ടെക്‌നോളജിയിലുള്ള മാറ്റം, എ.ഐ സാങ്കേതിക വിദ്യ എന്നിവയ്ക്കനുസരിച്ച് തൊഴിൽ മേഖലയിൽ കാലോചിതമായ മാറ്റം വേണം. ഇതിനുതകുന്ന രീതിയിൽ മാനവ വിഭവശേഷി ഉയർത്തേണ്ടതുണ്ട്.
ടെക്‌നോളജി രംഗത്തെ സാദ്ധ്യതകൾ എൻജിനിയറിംഗിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് ഇനി നാം മിടുക്ക് കാണിക്കേണ്ടത്.
5 ലക്ഷത്തിലധികം എൻജിനിയറിംഗ് ബിരുദധാരികളാണ് പ്രതിവർഷം പഠിച്ചിറങ്ങുന്നത്. ഇതിൽ 81 ശതമാനം പേരും സേവന മേഖലയിലാണ് പ്രവർത്തിക്കുന്നത്. ടെക്‌നോളജി രംഗത്തെ മാറ്റം എല്ലാ എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കും കരുത്തേകുന്നു. ഏത് എൻജിനിയറിംഗ് ബ്രാഞ്ചിനോടൊപ്പവും തൊഴിൽ ലഭ്യത മികവിന് മികച്ച കമ്പ്യൂട്ടർ ഭാഷകളുണ്ട്. എൻജിനിയറിംഗ് പഠനത്തോടൊപ്പം സ്‌കിൽ വികസനത്തിനും പ്രാധാന്യം നൽകുന്നത് തൊഴിൽ ലഭിക്കാൻ ഉപകരിക്കും.
എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ
....................................
53 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കൂടുതൽ വിദ്യാർത്ഥികളും താത്പര്യപ്പെടുന്നത് കമ്പ്യൂട്ടർ സയൻസിനാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ എ.ഐ, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങി 19 ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്.
കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി ബ്രാഞ്ചുകൾക്ക് എല്ലായ്‌പോഴും സാദ്ധ്യതകളുണ്ട്. പക്ഷേ ഉപരിപഠനമോ, സ്‌പെഷ്യലൈസേഷനോ സ്‌കിൽ വികസന കോഴ്‌സുകളോ ബിരുദശേഷം വരുംനാളുകളിൽ ആവശ്യമായി വരും. കെമിസ്ട്രിയിൽ താല്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിംഗും ബയോളജിയോട് അഭിമുഖ്യമുള്ളവർക്ക് ഡെയറി സയൻസ് & ടെക്‌നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ, ഫുഡ് ടെക്‌നോളജി, ഫുഡ് എൻജിനിയറിംഗ്, എൻവയണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. മറൈൻ എൻജിനിയറിംഗ്, ഷിപ് ബിൽഡിംഗ് & നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.
1നീറ്റ് യുജി അഡ്മിഷൻ:
2025-26ലെ നീറ്റ് യു.ജി പ്രവേശനത്തിന്റെ 1, 2 റൗണ്ടുകളിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ അഡ്മിഷൻ പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് 24ന് വൈകിട്ട് 6 വരെ അവസരം. വിശദ വിവരങ്ങൾക്ക് https://mcc.nic.in
2
ബി.ഫാം മൂന്നാം
അലോട്ട്മെന്റ്:
ഫാർമസി കോഴ്സിൽ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ . അലോട്ട്മെന്റ് ലഭിച്ചവർ 23ന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487, 2332120, 2338487
3ആയുർവേദ പി.ജി
പ്രവേശനം:
ആയുർവേദ പി.ജി കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ പരിഹരിക്കാനും 23ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ അവസരം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
4പി.ജി ഹോമിയോപ്പതി:
ന്യൂനത തിരുത്താം
പി.ജി ഹോമിയോപ്പതി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾതിരുത്തുന്നതിനുമുള്ള അവസരം 24 വരെ ലഭിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സെറ്റിലൂടെ രേഖകൾ അപ്ലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |