തിരുവനന്തപുരം: പൊതുഇടങ്ങളിലടക്കം മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് തെളിവു സഹിതം വിവരം നൽകുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കാൻ അവസരമൊരുങ്ങുന്നു. ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നോ പരമാവധി 2500 രൂപയോ ആയിരുന്നു നിലവിലെ പാരിതോഷികം. അതിൽ 2500 രൂപ എന്ന പരിധി ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതോടെ പിഴത്തുകയുടെ വലിപ്പമനുസരിച്ച് പരിധിയില്ലാതെ അതിന്റെ നാലിലൊന്ന് വിവരം നൽകുന്നയാളിന് ലഭിക്കും. വലിയ തുകയാണ് പിഴയെങ്കിൽ പാരിതോഷികവും ഉയർന്നതാകും. ഗുരുതരമായ കുറ്റകൃത്യത്തിനാണ് വലിയ പിഴ ചുമത്തുന്നത്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കാനാണിത്. തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ, എസ്.പി.സി കേഡറ്റുകൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെയടക്കം നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കി.
8674 പരാതികൾ
ഇതുവരെ ലഭിച്ചത് 8,674 പരാതികൾ. അതിൽ കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5,361 പരാതികൾ സ്വീകരിച്ചു. 4,525 കേസുകളിലും (84.41%) മാലിന്യം നീക്കം ചെയ്യുന്നതടക്കം നടപടിയെടുത്തു. 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു. ഏറ്റവുമധികം പരാതികൾ ലഭിച്ചത് എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്ന്. കുറവ് വയനാട്ടിൽ.
പിഴത്തുക
(രൂപയിൽ)
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ- 5000. മലിനജലം പൊതുസ്ഥലം/ജലാശയങ്ങളിൽ ഒഴുക്കിയാൽ- 5000- 50,000
മാലിന്യം/വിസർജ്യം ജലാശയങ്ങളിൽ തള്ളിയാൽ- 10,000-50,000. ആറുമാസം മുതൽ ഒരു വർഷംവരെ തടവ്
മാലിന്യം/വിസർജ്യം അനധികൃതമായി കടത്തിയാൽ- വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും
പരാതി അറിയിക്കാം
9446700800
(വാട്സ് ആപ്പ് നമ്പർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |