പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കാറ്റാടി വൈദ്യുത പദ്ധതി മൂന്നര പതിറ്റാണ്ടായി പ്രവർത്തന രഹിതം. തേങ്കുറുശ്ശി പഞ്ചായത്തിലെ കോട്ടമലയിൽ 1988ൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച പദ്ധതിയാണിത്. തുടർ നടപടികളില്ലാതെ പോയതാണ് തിരിച്ചടിക്ക് കാരണം.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ സഹായത്തോടെ വൈദ്യുതി ബോർഡ് 30 ലക്ഷം രൂപ മുടക്കിയാണ് കാറ്റാടി യന്ത്രം സ്ഥാപിച്ചത്. കേന്ദ്ര സർക്കാരിന്റെ എർത്ത് സയൻസ് സ്റ്റഡി വിഭാഗം കേരളത്തിലെ 7 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് പാലക്കാട് ചുരം വഴി ആഞ്ഞടിക്കുന്ന കോടക്കാറ്റ് ഏറ്റവും കൂടുതൽ ലഭ്യമാകുന്ന കോട്ടമല തിരഞ്ഞെടുത്തത്.1989 മാർച്ച് 11ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഉദ്ഘാടനം നിർവഹിച്ചത്. കാറ്റിന്റെ ഗതിയനുസരിച്ച് തിരിയത്തക്ക വിധത്തിൽ 80 അടി ഉയരത്തിൽ ഘടിപ്പിച്ച മൂന്ന് പ്രൊപ്പല്ലറുകൾ കറങ്ങുമ്പോൾ 95ഉം 15ഉം കിലോവാട്ട് ഉത്പാദന ശേഷിയുള്ള രണ്ട് ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന സംവിധാനമാണ് സ്ഥാപിച്ചിരുന്നത്. മിനുട്ടിൽ ഒരു യൂണിറ്റെന്ന കണക്കിൽ ദിവസം 1440 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. 400 വീടുകളിലെ വൈദ്യുതി ആവശ്യം നിറവേറ്റാൻ ഒരു ജനറേറ്റർ കൊണ്ടു സാധിക്കുമെന്നും കണക്കു കൂട്ടി.
എന്നാൽ, ഇടിമിന്നലിൽ ഒരു ലീഫ് പൊട്ടിയതും സൂക്ഷ്‌മോപകരണങ്ങൾക്കുണ്ടായ തകരാറും പദ്ധതിയെ പ്രതിസന്ധിയിലാക്കി. നിസാര തകരാറുകൾക്കു പോലും പൂനയിലെ കമ്പനിയിൽ നിന്ന് വിദഗ്ധർ എത്തിയാണ് കാറ്റാടി പ്രവർത്തിപ്പിച്ചിരുന്നത്. ഇടക്കിടെയുണ്ടാകുന്ന തകരാറുകൾ കാരണം പദ്ധതി മുന്നോട്ട് പോയില്ല. അതിന് ശേഷം മറ്റെല്ലായിടത്തും കാറ്റാടി പാടങ്ങൾ വരെ സ്ഥാപിച്ച് വിജയകരമായി പ്രവർത്തിക്കുമ്പോഴും കോട്ടമലയെ
പരിഗണിച്ചില്ല
പുനരുജ്ജീവനവും
പരാജയപ്പെട്ടു
കോട്ടമല കാറ്റാടി വൈദ്യുത പദ്ധതി പുനരുദ്ധരിക്കാൻ കെ.ഡി.പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കെ.എസ്.ഇ.ബി തയ്യാറാക്കിയ 86.01 ലക്ഷത്തിന്റെ രൂപരേഖയ്ക്ക് 2021ൽ ഭരണാനുമതി ലഭിച്ചിരുന്നു. വിശദമായ പദ്ധതി രൂപരേഖ
തയ്യാറാക്കി സമർപ്പിച്ചെങ്കിലും കാര്യങ്ങൾ എവിടെയുമെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |