
കൊച്ചി: കേരളത്തിലെ ക്ഷേത്രത്തിൽ അഹിന്ദുകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. മുൻകാലങ്ങളിൽ കേരളത്തിലെ ക്ഷേത്രത്തിൽ അവർണർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമാണ് ഇത് സാദ്ധ്യമായത്. അതിനാൽ ഇത്തരം വിഷയങ്ങൾ സർക്കാർ തലത്തിൽ തീരുമാനിത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'അഹിന്ദുകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഞങ്ങളല്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ഇന്നുവരെ യേശുദാസ് ആവശ്യം ഉന്നയിച്ചിട്ടില്ല. ഈശ്വരൻ അനുഗ്രഹിച്ച കലാകാരനാണ് അദ്ദേഹം. പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിന് യേശുദാസിനെ ക്ഷണിച്ചിട്ടും അദ്ദേഹം പോയില്ല. അവരുടെ മതം വച്ച് പോകില്ല. അവരുടെ മതത്തിൽ നിന്ന് എതിർപ്പ് ഉയരും. സർക്കാർ തീരുമാനം ഉണ്ടായാൽ ചിലപ്പോൾ പോയേക്കും. ആറന്മുള ക്ഷേത്രത്തിൽ യേശുദാസ് പോയത് ബലിക്കല്ല് വരെ മാത്രമായിരുന്നു. യൂസഫലി കേച്ചേരി ക്ഷേത്രത്തിൽ വന്ന് തൊഴുത് പോകാറുണ്ടായിരുന്നു. തികഞ്ഞ ഭക്തനാണ് അദ്ദേഹം. അറിയപ്പെട്ടാൻ തുടങ്ങിയതിന് ശേഷം അദ്ദേഹം പുറത്തുവന്ന് തൊഴുത് പോകും. അത്തരത്തിൽ നിരവധി പേര് വന്ന് പോകുന്നുണ്ട്' - ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |