തിരുവനന്തപുരം: കേരള സർവകലാശാലയിൽ 9 ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിദൂര പഠനത്തിന് ഇന്നു മുതൽ ഒക്ടോബർ 31വരെ ഓൺലൈനായി അപേക്ഷിക്കാം.
പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദ കോഴ്സുകളും ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ളിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണുള്ളത്.
യു.ജി.സിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള ഈ കോഴ്സുകൾ സർവകലാശാലയുടെ റഗുലർ കോഴ്സുകൾക്ക് സമാനമാണ്. ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുള്ളതാണ്. ഓൺലൈൻ അപേക്ഷയുടെ ശരിപകർപ്പും അസൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നവംബർ 5ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ എത്തിക്കണം. വിവരങ്ങൾ www.ideku.net വെബ്സൈറ്റിൽ.
കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, ഓപ്പൺ സർവകലാശാല നടത്താനുദ്ദേശിക്കുന്ന 12 ബിരുദ, 5 ബിരുദാനന്തര ബിരുദ കോഴ്സുകൾ ഒഴികെ മറ്റ് കോഴ്സുകൾ യു.ജി.സി അനുമതിയോടെ നടത്താൻ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് അനുമതി നൽകി സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വർഷം 22 ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് കേരള സർവകലാശാല നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |