കോഴിക്കോട്: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ നേതാക്കൾക്കൊപ്പം ചലച്ചിത്ര- സാംസ്‌കാരിക മേഖലയിലെ പ്രമുഖരെയും ബിജെപി പരിഗണിക്കുന്നു. ബിജെപിയോട് അടുത്തുനിൽക്കുന്ന വോട്ടർമാരെയല്ലാതെ ആകർഷിക്കാൻ ശേഷിയുള്ള സ്ഥാനാർത്ഥികളെയാണ് നേതൃത്വം പരിഗണിക്കുന്നത്. സംസ്ഥാനത്ത് 20 സീറ്റുകളിൽ പകുതിയിൽ എങ്കിലും പ്രതിച്ഛായയുള്ളവരെ കണ്ടെത്താനാണ് ബിജെപി തീരുമാനം. തൃശൂരിൽ സുരേഷ് ഗോപി നേടിയെടുത്ത സ്വീകാര്യത കൂടി പരിഗണിച്ചാണ് പാർട്ടി തീരുമാനം.
സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കാനാണ് നീക്കം. സംഘപരിവാറുമായി ഏറ്റവും അടുത്തു നിൽക്കുന്ന താരമാണ് ഉണ്ണി. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിച്ച ഉണ്ണി ബിജെപിയുമായി കൂടുതൽ അടുക്കുകയാണെന്ന വിലയിരുത്തലുണ്ട്. പത്തനംതിട്ടിയിൽ ഉണ്ണി മുകുന്ദനെ കൂടാതെ കുമ്മനം രാജശേഖരൻ, പിസി ജോർജ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഇതിനിടെ കെഎസ് ചിത്രയെയും നേതൃത്വം മത്സരിക്കാൻ സമീപിച്ചേക്കും. ചിത്ര മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്ത് പരിഗണിച്ചേക്കുമെന്നാണ് സൂചന.
കോഴിക്കോട് മണ്ഡലത്തിൽ രാജ്യ സംഭ എംപി കൂടിയായ പിടി ഉഷയെ പരിഗണിക്കാനാണ് നീക്കം. ഉഷ സമ്മം പറഞ്ഞാൽ കോഴിക്കോട് സീറ്റിൽ മത്സരിക്കാൻ സാദ്ധ്യതയുണ്ട്. ശോഭ സുരേന്ദ്രന്റെ പേരും കോഴിക്കോട് ഉയർന്നുകേട്ടിരുന്നു. എന്നാൽ ഉഷ സ്ഥാനാർത്ഥിയായാൽ ബിജെപി ഇതര വോട്ടുകൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇനി ഉഷ മത്സരിക്കാനില്ലെങ്കിൽ പികെ കൃഷ്ണദാസിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
വിവിധ മണ്ഡലങ്ങളിലേക്കായി ബിജെപി നേതൃത്വം പദ്മ പുരസ്‌കാരം ഉൾപ്പടെ നേടിയവരെ പരിഗണിച്ചേക്കുമെന്നാണ് മറ്റൊരു സൂചന. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സഭയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ കണ്ടെത്താനാണ് പാർട്ടി നീക്കം. ആലപ്പുഴ മണ്ഡലം തുഷാർ വെള്ളാപ്പള്ളിക്ക് നൽകി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് ബിജെപി ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ദേശീയഭാരവാഹികളായ എപി അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരെ പരിഗണിക്കാനുള്ള സാദ്ധ്യതയുണ്ട്.
അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 30 ശതമാനം വോട്ടാണ് ബിജെപി ലക്ഷ്യമിടുന്നത്. അയോദ്ധ്യ രാമക്ഷേത്ര വികാരം തെന്നിന്ത്യയിലും ഒരുകൈനോക്കാൻ തന്നെയാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ വരെ നേതൃത്വം അക്ഷതം വിതരണം ചെയ്തതും അയോദ്ധ്യയിലെ പ്രതിഷ്ഠയുടെ നോട്ടീസ് എത്തിച്ചതും. ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ് പ്രധാനമന്ത്രി ഹെലികോപ്ടറിൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയതും രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് വേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |