
ആലപ്പുഴ / കോട്ടയം: എൻ.എസ്.എസുമായി ഐക്യത്തിൽ പ്രവർത്തിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം നേതൃത്വയോഗത്തിൽ തീരുമാനം. തുടർചർച്ചകൾക്കായി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാൻ നായരെ സന്ദർശിക്കും. അദ്ദേഹത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും കൂടിക്കാഴ്ചയെന്നും അത് ഉടൻ ഉണ്ടാകുമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താലേഖകരോട് പറഞ്ഞു.
പെരുന്നയിലെത്തുന്ന തുഷാർ വെള്ളാപ്പള്ളിയെ മകനായോ സഹോദരനായോ കണ്ട് സ്വീകരിക്കുമെന്ന് ജി. സുകുമാരൻ നായർ പ്രതികരിച്ചു. എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു കോട്ടം തട്ടാതെ എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യത്തിന് കാഹളം മുഴക്കിയത് എൻ.എസ്.എസാണെന്നും അതിൽ ജി. സുകുമാരൻ നായരോട് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും തമ്മിൽ ഇനി കൊമ്പുകോർക്കുന്ന പ്രശ്നമേയില്ല. മറ്റു മതക്കാരോടുള്ള വിദ്വേഷത്തിനല്ല ഈ ഐക്യം. സാമൂഹികനീതിക്കു വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതിൽ നായാടി മുതൽ നസ്രാണി വരെയുണ്ടാകും.
വേണ്ടിവന്നാൽ ജമാഅത്തെ ഇസ്ലാമിയുമായും ചർച്ച നടത്തും. ഇത് എങ്ങനെ പ്രായോഗികമാക്കാമെന്ന് സുകുമാരൻ നായരുമായി ചർച്ച നടത്തും. ഇനിയുള്ള തീരുമാനങ്ങൾ എൻ.എസ്.എസുമായി ചേർന്നെടുക്കും. മുൻകാല പാഠങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തും. രാഷ്ട്രീയ നിലപാടെടുക്കലല്ല ഐക്യത്തിന്റെ ലക്ഷ്യം. ഏതെല്ലാം കാര്യത്തിൽ നിലപാടെന്ന് ചർച്ച ചെയ്യും. അതിൽ രാഷ്ട്രീയവും ചർച്ചയായേക്കാം. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ‌് അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ട നേതൃത്വയോഗമാണ് ഇന്നലെ ആലപ്പുഴയിൽ നടന്നത്. അതിനുശേഷമാണ് വെള്ളാപ്പള്ളി നടേശനും തുഷാറും മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
''ഐക്യമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. തുഷാർ വന്നതിനു ശേഷം ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. ഐക്യം വി.ഡി.സതീശനെതിരെയല്ല. യാതൊരു പാർലമെന്ററി മോഹങ്ങളും എൻ.എസ്.എസിനില്ല. പ്രബല ഹിന്ദുസമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്.
-ജി. സുകുമാരൻ നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |