
തിരുവനന്തപുരം: നോളജ് ഇക്കോണമി മിഷൻ വഴി 20 ലക്ഷം പേർക്കെങ്കിലും നൂതന തൊഴിലുകൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പഠനം പൂർത്തിയാക്കിയ യുവതീയുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനും മത്സരപരീക്ഷാ പരിശീലനത്തിനുമായി ധനസഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതി. കേവലം തൊഴിലന്വേഷകർ എന്നതിൽ നിന്ന് മാറി, യുവജനങ്ങളെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയിലെ വളർച്ചയും എം.എസ്.എം.ഇ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും സംസ്ഥാനത്തിന്റെ വികസനം അടിവരയിടുന്നതാണ്.
2016ൽ 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 7,500ലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പി.എസ്.സി വഴി മൂന്ന് ലക്ഷത്തിലധികം നിയമനങ്ങൾ നടത്തി. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. യുവജനങ്ങളെ തൊഴിൽദാതാക്കളും സംരംഭകരുമാക്കി മാറ്റുന്ന സ്റ്റാർട്ടപ്പ് നയത്തിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്‌ണൻകുട്ടി, ജി.ആർ.അനിൽ, എ.എ.റഹീം എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് എന്നിവർ സംസാരിച്ചു.
പ്രതിമാസം 1000 രൂപ
ഒരു വർഷത്തേക്ക്
അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്നതാണ് 'കണക്ട് ടു വർക്ക്' പദ്ധതി. 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്കാണ് അവസരം. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. eemployment.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിനകം 36,500 അപേക്ഷകൾ ലഭിച്ചു. ഇതിൽ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ 10,000 പേരുടെ ആദ്യഘട്ട ലിസ്റ്റ് തയ്യാറായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. അഞ്ച് ലക്ഷം പേർക്കാണ് പദ്ധതി വഴി ധനസഹായം ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |