
തൃശൂര്‍: അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിരല്‍ അറ്റുപോയതില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍. പന്നിത്തടം സ്വദേശികളായ ജിത്തു - ജിഷ്മ ദമ്പതിമാരുടെ പെണ്‍കുട്ടിക്കാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് കാരണം തള്ളവിരല്‍ നഷ്ടപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അധികൃതരുടെ പിഴവ് കാരണം അപകടം സംഭവിച്ചത്. വിഷയം തങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു.
ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കാനായി എന്‍ഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിന്റെ കൈയിലെ പ്ലാസ്റ്റര്‍ ബ്ലേഡ് ഉപയോഗിച്ച് മാറ്റുന്നതിനിടെ അശ്രദ്ധമായി തള്ളവിരല്‍ മുറിയുകയായിരുന്നു. ചെറിയ ഒരു മുറിവ് പറ്റിയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കുട്ടിയുടെ അടുത്തെത്തി നോക്കിയപ്പോള്‍ വിരല്‍ അറ്റുപോയ നിലയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അടിയന്തര സാഹചര്യമുണ്ടായിട്ടും ഡോക്ടറെ വിവരമറിയിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വിഷയത്തില്‍ ആശുപത്രി മാനേജ്‌മെന്റ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
പുലര്‍ച്ചെ അഞ്ച് മണിയോടെ അപകടം സംഭവിച്ചിട്ടും രാവിലെ പത്ത് മണിവരെ ഡോക്ടറെ വിവരം അറിയിച്ചിരുന്നില്ല. ചികിത്സാപ്പിഴവ് കാരണമാണ് കുട്ടിക്ക് അപകടം സംഭവിച്ചതെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് ആശുപത്രി മാനേജ്‌മെന്റ് തയ്യാറായില്ല. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ജിത്തുവും ജിഷ്മയും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |