
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യതയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി. 30 സീറ്റുകളിലാണ് നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ജനുവരി 12ന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരന്റെയും പേരുമാണ് ഉയർന്നുകേൾക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരാണ് പാലക്കാട് ഉയർന്നുകേൾക്കുന്നത്. കായംകുളത്ത് ശോഭ സുരേന്ദ്രനെയും പരിഗണിച്ചേക്കും.
ജനുവരി 11ന് അമിത് ഷാ കേരളത്തിൽ എത്തുന്നതോടെ പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ എത്തിയത് ആഘോഷമാക്കാൻ വേണ്ടി കൂടിയാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന തീയതി അമിത് ഷാ പ്രഖ്യാപിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെ എല്ലാം ആഭ്യന്തരമന്ത്രി നേരിൽ കണ്ട് അഭിസംബോധന ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം നേടാനായ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയാകാനിടയുള്ള നേതാക്കളെ മുൻനിറുത്തി പ്രവർത്തനം തുടങ്ങുക. അന്ന് രാവിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ടായിരത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് അമിത് ഷാ വിപുലമായ യോഗം നടത്തും. തുടർന്ന് സംസ്ഥാന തലത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് സമിതിയും എക്സിക്യൂട്ടീവും ചേരും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു,വലതു മുന്നണികൾ പാർട്ടിയെ തടയാൻ കൂട്ടായ ശ്രമം നടത്തിതായി ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ബിജെപിക്കെതിരായ സിപിഎം-കോൺഗ്രസ് സഹകരണം ഭാവിയിൽ കടുത്ത വെല്ലുവിളിയാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്ഥലങ്ങളിലെ വിജയത്തോടെ പാർട്ടിക്ക് സംസ്ഥാനത്ത് നിർണ്ണായക സ്വാധീനം നേടിയെടുക്കാനായി, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷം മുന്നോട്ട് വച്ച വികസിത കേരളം മുദ്രാവാക്യം വിജയമായിരുന്നു, നിയമസഭാ തിരഞ്ഞെടുപ്പിലും അതായിരിക്കും പാർട്ടി മുദ്രാവാക്യം, ശബരിമല കൊള്ളകേസിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ടായി. ഇടതുമുന്നണി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെങ്കിലും മുതലാക്കാൻ കർമ്മപദ്ധതി ആവിഷ്‌ക്കരിക്കാനും തീരുമാനമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |