തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാത്രം ശേഷിക്കെ,മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിലെ ചരടുവലികളും കുതികാൽ വെട്ടും വീണ്ടും സജീവം. എ.ഐ.സി.സി പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പിന്നാലെയാണിത്.
58 ജനറൽ സെക്രട്ടറിമാരുടെയും13 വൈസ് പ്രസിഡന്റുമാരുടെയും ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും പട്ടികയിലുള്ള അതൃപ്തി കോൺഗ്രസിലെ പല കോണുകളിൽ നിന്നും ഉയരുന്നു.പുതിയ ബലാബലത്തെ
സംബന്ധിച്ച ചർച്ചകളും ശക്തം.സംസ്ഥാന കോൺഗ്രസിൽ എ.ഐ.സി.സി
ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിടി മുറുക്കിയതായാണ് വിലയിരുത്തൽ.ചെന്നിത്തല വിഭാഗവും പഴയ ' എ' ഗ്രൂപ്പും വലിയ പോറലേൽക്കാതെ രക്ഷപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പക്ഷത്തെ
പുനഃസംഘടനയിൽ 'പഞ്ചറാക്കി'യെന്നാണ് അണിയറയിൽ സംസാരം.
ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഗോഡ് ഫാദർ ഇല്ലാതായ പഴയ 'എ ' ഗ്രൂപ്പിനാവട്ടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ പറ്റിയ നേതാവില്ല. ഇളകിപ്പോയ കണ്ണികൾ ചേർത്ത് ഇടയ്ക്ക് ബലപ്പെടുത്തിയ വിശാല 'ഐ' ഗ്രൂപ്പ് ,മുഖ്യമന്ത്രി സ്ഥാനത്തിൽ തട്ടി വീണ്ടും ചിന്നിച്ചിതറി. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ.സുധാകരനും ഒരളവുവരെ കെ.മുരളീധരനും ബാറ്റൺ സ്വയം കൈയൊഴിഞ്ഞ മട്ടാണ്.കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ ശശി തരൂർ എം.പിയെ കേരളത്തിൽ നിലം തൊടീക്കില്ലെന്ന വാശിയിലാണ് പാർട്ടിയിലെ പ്രബല നേതാക്കൾ.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഓട്ടപ്പന്തയത്തിൽ കെ.സി.വേണുഗോപാലിന്റെ പിന്തുണ ലഭിക്കുമെന്നായിരുന്നു ഒരു ഘട്ടത്തിൽ സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ. കെ.സിയുടെ നീക്കവും അതിലേക്ക്
കണ്ണ് വച്ചാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുതിയ സമവാക്യങ്ങൾ. എ വിഭാഗത്തിലെ പല നേതാക്കളും ഇപ്പോൾ മനസ് കൊണ്ട് കെ.സി.വേണുഗോപാലിന് ഒപ്പമാണ്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരം വന്നാൽ അവർ പിന്തുണയ്ക്കാൻ സാദ്ധ്യത കെ.സിയെയാണ്. അവർ കൂടി കൈകോർത്താൽ പുതിയ 77 കെ.പി.സി.സി ഭാരവാഹികളിൽ കുറഞ്ഞത് 30 പേരുടെ പിന്തുണ കെ.സിക്ക് ലഭിക്കുമെന്നാണ് കേൾക്കുന്നത്.സ്ഥാനാർത്ഥി നിർണയത്തിലും പ്രതിഫലനമുണ്ടാവാം.
സജീവമാകുന്നത് കസേര
കണ്ടല്ലെന്ന് കെ.സി
കേരള രാഷ്ട്രീയത്തിൽ താൻ സജീവമാകുന്നത് ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിലാണെന്നും ഏതെങ്കിലും കസേര മോഹിച്ചല്ലെന്നുമാണ് കെ.സി.
വേണുഗോപാൽ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.പിണറായി
സർക്കാരിനെ താഴെ ഇറക്കുകയെന്ന ഏക ലക്ഷ്യമാണ് കേരളത്തിലെ കോൺഗ്രസുകാരുടെ
മുന്നിലുള്ളത്.അതിനുവേണ്ടി കേരളത്തിൽ കൂടുതൽ സജീവമാകുമെന്ന കെ.സിയുടെ
വാക്കുകളിലെ വ്യംഗ്യാർത്ഥം ചികയുന്നവരുണ്ട്.
ആകാശത്തേക്ക്
നോക്കി സതീശൻ
കെ.സിയുടെ പ്രതികരണത്തിൽ അഭിപ്രായമാരാഞ്ഞ മാദ്ധ്യമങ്ങളോട്,ആകാശത്തേക്ക്
കൈ ചൂണ്ടി കാലാവസ്ഥയെ സൂചിപ്പിക്കുന്ന തരത്തിൽ 'റെഡ് അലർട്ട് ' ആണല്ലോ എന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി. അതിന്റെ അർത്ഥതലങ്ങൾ പലതാണ്.
പരിഹാസമെന്നോ, നിർദ്ദോഷമായ തമാശയെന്നോ ഒക്കെ വിശേഷിപ്പിക്കാം.ആർക്കാവും
റെഡ് അലർട്ടെന്നും വ്യാഖ്യാനിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |