
കായംകുളം: സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ചിരുന്ന കരീലക്കുളങ്ങര നിരണത്ത് സി.ജയപ്രദീപാണ് കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം. ജയപ്രദീപ് കയറുമായി മുറിയിൽ കയറി കതകടച്ചതോടെ വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ബ്ലോക്ക് കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായി ജയപ്രദീപ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലക്സും പോസ്റ്ററും നോട്ടീസുമൊക്കെ പ്രിന്റ് ചെയ്യുകയും വീടുകൾ തോറും കയറി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ സീറ്റ് കേരള കോൺഗ്രസിന് കൈമാറുകയും ജയപ്രദീപിന്റെ അയൽവാസിയായ സി.സത്യൻ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയുമായി. ഇതോടെ മാനസികമായി തകർന്നാണ് ജയപ്രദീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ ജീവിച്ചിരിക്കില്ലെന്നും ഘടക കക്ഷിക്ക് സീറ്റ് നൽകരുതെന്നും സംഭവശേഷം ജയപ്രദീപ് പറഞ്ഞു. ഒരുവർഷമായി മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. വാർഡ് കമ്മിറ്റി തന്റെ പേരുമാത്രമാണ് നിർദ്ദേശിച്ചത്. സുഹൃത്തുക്കൾ നൽകിയ പതിമൂവായിരം രൂപ ഉപയോഗിച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നും ജയപ്രദീപ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |