
തിരുവനന്തപുരം : മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്റെ മകനെ ഫോണിൽ വിളിച്ച് ബിനോയ് വിശ്വം ഖേദം അറിയിച്ചു.
സി.പി.ഐ ദേശീയ കൗൺസിലിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് സന്ദീപ് പറഞ്ഞു . അസൗകര്യം ഉള്ളതു കൊണ്ടാണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായതോടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |