
തിരുവനന്തപുരം: കഴിഞ്ഞ ഒൻപതര വർഷങ്ങൾക്കിടയിൽ ഭരണപരമായ പല കാര്യങ്ങളിലും വിയോജിപ്പ് മനസിലൊതുക്കി നിശബ്ദരാവേണ്ടി വന്ന സി.പി.ഐ, പി.എം ശ്രീ വിഷയത്തിൽ വിപ്ളവ വീര്യം കാട്ടി. സി.പി.എം പ്രതീക്ഷിച്ചില്ല ഈ ചെറുത്തു നില്പ്.
സി.പി.ഐയുടെ ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം സർക്കാരിന്റെ എല്ലാ നിലപാടുകളെയും കണ്ണും പൂട്ടി പിന്തുണയ്ക്കുന്നുവെന്നായിരുന്നു. പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നും വിമർശിച്ചു.
പക്ഷേ പി.എം ശ്രീ വിഷയത്തിൽ തുടക്കം മുതൽ സുവ്യക്തമായ നിലപാട് സ്വീകരിക്കുകയും എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ ,സെക്രട്ടറിക്കൊപ്പമായി പാർട്ടി നേതൃത്വവും. മന്ത്രിമാർ ഒരേ സ്വരത്തിൽ പ്രതികരിച്ചു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൂടി കളത്തിലിറങ്ങിയതോടെ സി.പി.ഐ ശരി പക്ഷത്തെന്ന ബോദ്ധ്യമുണ്ടാക്കാനുമായി. വേണ്ടത്ര കൂടിയാലോചനയില്ലാതെ തിടുക്കപ്പെട്ട് പദ്ധതിയിൽ ഒപ്പു വച്ചെന്ന വികാരം സി.പി.എമ്മിലും ഉണ്ടായി.
പാലക്കാട് ബ്രൂവറി അനുവദിക്കുന്നതിനെതിരെ സി.പി.ഐ രംഗത്തു വന്നെങ്കിലും എതിർപ്പ് അവഗണിച്ച് സർക്കാർ മുന്നോട്ടു പോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയത്തിന് ഒരു കാരണമായ തൃശൂർ പൂരം കലക്കലിൽ ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാടും സർക്കാർ അവഗണിച്ചു. ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസിനെ സി.പി.ഐ എതിർത്തെങ്കിലും അത് വകവയ്ക്കാതെ നിയമസഭയിൽ ബില്ല് കൊണ്ടു വന്നു.
ഇത്തരം സന്ദർഭങ്ങളിലെല്ലാം മുന്നണി മര്യാദയുടെയും അച്ചടക്കത്തിന്റെയും പേരിൽ വഴങ്ങേണ്ടി വന്ന സി.പി.ഐയ്ക്ക്, പി.എം ശ്രീ വിഷയം ഉൾക്കാമ്പ് കാട്ടാനുള്ള സന്ദർഭമായിരുന്നു. തങ്ങളുടെ നിലപാട് മാനിക്കുന്നില്ലെങ്കിൽ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ സി.പി.ഐ മന്ത്രിമാർ നേരിട്ട് ധരിപ്പിക്കുകയും കത്തു നൽകുകയും ചെയ്തതോടെ, മയപ്പെടുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു സി.പി.എമ്മിന്.
കണക്കെടുപ്പിനില്ല: ബിനോയ് വിശ്വം
പി.എം ശ്രീ വിഷയത്തിൽ വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാൻ സി.പി.ഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ നിലപാടിന്റെ വിജയമായി കണക്കാക്കിക്കൂടേ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തെക്കുറിച്ചാണ് പറയേണ്ടതെങ്കിൽ ഇത് എൽ.ഡി.എഫിന്റെ വിജയമാണ്, ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണ്, ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് പറഞ്ഞു.
ശാശ്വതമായ ശത്രുവും മിത്രവുമില്ല: മന്ത്രി ശിവൻകുട്ടി
ജനാധിപത്യത്തിലൂന്നിയ സർക്കാരിന് ശാശ്വതമായ ശത്രുവും മിത്രവുമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടെടുക്കുന്നത്. അതേസമയം, പി.എം ശ്രീ പദ്ധതിയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല. പദ്ധതി താത്കാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചോ എന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. എന്നെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയാൽ ഞാൻ വിഷയത്തെക്കുറിച്ച് വിശദീകരിക്കുമെന്നും വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പിട്ടതിനു ശേഷം ഫണ്ട് റിലീസായിട്ടില്ല. സി.പി.ഐ മന്ത്രിമാരുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി രാജനൊപ്പം ഒരു പരിപാടിക്ക് പോയിരുന്നെന്നും എന്നോട് പിണക്കമൊന്നും ഉണ്ടായില്ലെന്നും മറുപടി നൽകി. സ്കൂൾ കായികമേളയിൽ ഗവർണർ അടക്കം പങ്കെടുത്ത് കേരളത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |