
തിരുവനന്തപുരം: പരസ്പരം മുഖം രക്ഷിച്ച് സി.പി.എമ്മും സി.പി.ഐയും കൈകൊടുത്തതോടെ പി.എം ശ്രീ വിവാദത്തിന് താത്കാലിക ശമനം. ഇടതുമുന്നണിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. ആരും തോൽക്കാതെയും ആരും ജയിക്കാതെയുമുള്ളതാണ് ഒത്തുതീർപ്പ്.
പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന കടും പിടുത്തത്തിൽനിന്ന് സി.പി.എം ഒന്നയഞ്ഞു. പിന്മാറിയേ തീരൂ എന്ന വാശി സി.പി.ഐയും മാറ്റിവച്ചു. നാലു ദിവസമായി കേരള രാഷ്ട്രീയത്തെ ഉഷ്ണമേഖലയാക്കിയ കാലുഷ്യമാണ് കെട്ടടങ്ങുന്നത്.
ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നൽകാമെന്നും പദ്ധതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ് ഒത്തുതീർപ്പ് വ്യവസ്ഥ. ഉപസമിതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനും മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, എ. കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളുമാണ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചാണ് പുനഃപരിശോധനയെന്നും ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതു വരെ സംസ്ഥാനത്ത് പി.എം. ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
മുഖ്യമന്ത്രിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുമൊക്കെ നടത്തിയ അനുനയ ശ്രമങ്ങൾ വിജയം കാണാതായതോടെ എൽ.ഡി.എഫ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന തോന്നൽ പ്രചരിച്ചിരുന്നു. പ്രശ്നപരിഹാരമായില്ലെങ്കിൽ സി.പി.ഐ മന്ത്രിമാർ ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ആ ഘട്ടത്തിലേക്ക് എത്തിയാൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്ക എൽ.ഡി.എഫിലെ മറ്റു ഘടക കക്ഷികൾക്കുമുണ്ടായി. മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ടു.
ബേബി ഇടപെട്ടു
പാർട്ടി മയപ്പെട്ടു
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ നടത്തിയ ഇടപെടൽ പ്രശ്നപരിഹാരത്തിൽ നിർണായകമായി.
നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബേബി ചർച്ച നടത്തിയത്. സി.പി.ഐ സ്വീകരിച്ചിട്ടുള്ള നിലപാട് ഇടത് നയത്തെ ശക്തിപ്പെടുത്തുന്നതാണെന്നും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ പോരടിക്കുന്നത് ദോഷമാകുമെന്നും ബേബി വിശദമാക്കി. മുഖ്യമന്ത്രി പിണറായിവിജയനെയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. തുടർന്ന് മുഖ്യമന്ത്രി, എം.എ. ബേബി, എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവർ എ.കെ.ജി സെന്ററിൽ വിശദമായ ചർച്ച നടത്തി. ഈ ചർച്ചയിലാണ് നിലപാട് മയപ്പെടുത്താൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |