
തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി അരയും തലയും മുറുക്കി ഇറങ്ങുന്ന സി.പി.എമ്മിന്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങി. എല്ലാ ജില്ലകളിലെയും സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് പൂർത്തിയാക്കും. പാർട്ടി കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്നു.ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
സംസ്ഥാന സെക്രട്ടേറിയറ്റാവും സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുക. വിജയ സാദ്ധ്യതയുള്ള എല്ലാ സിറ്റിംഗ് എം.എൽ.എമാരും മത്സരിക്കണമെന്നാണ് ധാരണ. എങ്കിലും പ്രമുഖരായ ചിലർ ഒഴിവായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒഴിവാകും. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ 13 പേർ മത്സരിക്കുമെന്നാണ് അറിയുന്നത്. നിലവിലുള്ള 62 എം.എൽ.എമാരിൽ 50 പേരെങ്കിലും മത്സരിക്കാനാണ് സാദ്ധ്യത.
മന്ത്രി വീണാ ജോർജ് (ആറന്മുള) സ്ഥാനാർത്ഥിയാവുമെന്ന കാര്യത്തിൽ ഉറപ്പില്ല. ജില്ലാ സെക്രട്ടേറിയറ്റിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതായാണ് കേൾക്കുന്നത്. മന്ത്രി വി.ശിവൻകുട്ടി വീണ്ടും നേമത്ത് മത്സരിക്കും. എം.മുകേഷ് (കൊല്ലം), ദലീമ(അരൂർ), എ.സി.മൊയ്തീൻ(കുന്ദംകുളം), കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാൽ (തൃക്കരിപ്പൂർ), മുൻ മന്ത്രി എം.എം.മണി (ഉടുമ്പൻചോല) എന്നിവർ മത്സര രംഗത്തുണ്ടാവില്ല. എന്നാൽ ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട തോമസ് ഐസക്ക് ആലപ്പുഴയിലെ അരൂരിൽ വീണ്ടും മത്സരിച്ചേക്കും. രണ്ട് തവണ വിജയിച്ച യു.പ്രതിഭയ്ക്ക് കായംകുളത്ത് ഒരവസരം കൂടി നൽകാനിട. അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ.നാസർ ഇറങ്ങും.കുട്ടനാട് സീറ്റ് തത്കാലം സി.പി.എം ഏറ്റെടുക്കില്ല. വി.എസിന്റെ മകൻ വി.എ.അരുൺകുമാർ സ്ഥാനാർത്ഥിയാവുമെങ്കിലും ആലപ്പുഴ ജില്ലയിലാവാൻ സാദ്ധ്യതയില്ല.
എം.മുകേഷിന് സീറ്റില്ല: പകരം എസ്. ജയമോഹൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സി.പി.എം മത്സരിക്കുന്ന നാല് സീറ്റുകളിലും ഓരോ പേരുകൾ മാത്രം ശുപാർശ ചെയ്യാൻ തീരുമാനിച്ച് ജില്ലാ സെക്രട്ടേറിയറ്റ് യോഗം. രണ്ട് ടേം പൂർത്തിയാക്കിയ എം.എൽ.എമാരിൽ എം. മുകേഷിന് സീറ്റ് നൽകില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഇരവിപുരം എം.എൽ.എയുമായ എം. നൗഷാദ് വീണ്ടും മത്സരിക്കും.
കൊല്ലത്ത് എം. മുകേഷിന് പകരം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെയാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തത്. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ചവറയിൽ സുജിത്ത് വിജയൻ പിള്ള, കുണ്ടറയിൽ എസ്.എൽ. സജികുമാർ എന്നിവരുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടു. കൊല്ലത്ത് എസ്. സുദേവനെയും കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയെയും ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ
നിർദ്ദേശിച്ചെങ്കിലും തുടർന്ന് നടന്ന ചർച്ചയിൽ കൊല്ലത്ത് എസ്. ജയമോഹൻ മത്സരിക്കട്ടെയെന്ന് അവധിയിലുള്ള ജില്ലാ സെക്രട്ടറി എസ്. സുദേവൻ അഭിപ്രായപ്പെട്ടു.
ജില്ലയിൽ പാർട്ടിക്ക് ഒരു വനിതാ സ്ഥാനാർത്ഥി വേണമെന്നും കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിഅമ്മ മത്സരിക്കണമെന്നും ചർച്ചയുണ്ടായി. ഇതിനിടെ ജെ. മേഴ്സിക്കുട്ടിഅമ്മ എസ്.എൽ. സജികുമാറിന്റെ പേര് നിർദ്ദേശിച്ചതോടെ ചർച്ച അവസാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |