തിരുവനന്തപുരം: മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനെ തോൽപ്പിച്ചത് ചതിയിലൂടെയാണെന്നും 2012ലെ തിരുവനന്തപുരം സമ്മേളനത്തിൽ അദ്ദേഹത്തിന് ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് പ്രസംഗിച്ച യുവ നേതാവിന് വളരെപ്പെട്ടെന്ന് പാർട്ടിയിലെ ഉന്നത പദവികളിൽ എത്താൻ കഴിഞ്ഞെന്നുമുള്ള തുറന്നുപറച്ചിലുമായി മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ മുൻ അംഗവുമായ പിരപ്പൻകോട് മുരളി. ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് പറഞ്ഞത് വെറും കെട്ടുകഥയാണെന്നും കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നതെന്നും പാർട്ടി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടെയാണ് 2012ലെ സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന പിരപ്പൻകോടിന്റെ തുറന്നുപറച്ചിൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. 'വിഎസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകം പുറത്തുവരുന്നതോടെ രാഷ്ട്രീയ കേരളം ചർച്ചചെയ്ത നിരവധി വിവാദങ്ങൾക്ക് മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
'ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് സമ്മേളനത്തിൽ ഒരു യുവ നേതാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല. നേതാക്കൾ ആ പ്രസംഗത്തെ ചിരിച്ച് പ്രോത്സാഹിപ്പിച്ചതല്ലാതെ നിറുത്താൻ ഒരാളും ശ്രമിച്ചില്ല. ക്യാപ്പിറ്റൽ പണിഷ്‌മെന്റിനെക്കുറിച്ചുപറഞ്ഞ യുവ നേതാവ് നല്ല വായനക്കാരനാണ്. അദ്ദേഹം ആദ്യം സംസ്ഥാനകമ്മിറ്റിയിലും പിന്നീട് സെക്രട്ടേറിയറ്റിലുമെത്തി'- മുരളി പറഞ്ഞു.
മാരാരിക്കുളത്ത് വിഎസിന്റെ തോൽവിക്ക് ഇടയാക്കിയ ചതിയെക്കുറിച്ചും പിരപ്പൻകോട് തുറന്നുപറയുന്നുന്നുണ്ട്.'വിഎസിനെ മാരാരിക്കുളത്ത് ചതിച്ചാണ് തോൽപ്പിച്ചത്. അന്ന് അവിടെ ജയിച്ച പിജെ ഫ്രാൻസിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ നേതാക്കൾ സഹായിച്ചതുകൊണ്ടാണ് ജയിച്ചതെന്ന് ഫ്രാൻസിന് എന്നോട് പറഞ്ഞു. രണ്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റി അംഗവും വിഎസിനെ തോൽപ്പിക്കാൻ ശ്രമിച്ചു. ഇവരെല്ലാം പാർട്ടി നടപടികളിൽ നിന്ന് രക്ഷപ്പെട്ടു. 2011ലെ തുടർ ഭരണം പാർട്ടി സംസ്ഥാനനേതൃത്വം മനഃപൂർവം നഷ്ടപ്പെടുത്തിയതാണ്. സുരക്ഷിതമായ പല സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ മനഃപൂർവം തോൽപ്പിച്ചു. വിഎസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാനായിരുന്നു ഇത്'- പിരപ്പൻകോട് മുരളി പറഞ്ഞു.
2016ൽ വിഎസിനെ ആദ്യഘട്ടത്തിലെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് പാർട്ടി ഘടകങ്ങളിൽ ഇടംകിട്ടാതെ പോയതെന്നും പിരപ്പൻകോട് മുരളി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |