
കൽപ്പറ്റ: കടുത്ത വിഭാഗീയതയ്ക്കൊടുവിൽ സി.പി.എം നേതാവ് എ.വി ജയൻ പാർട്ടിയുമായി തുറന്ന പോരിന്. വിഭാഗീയതയുടെ ഇരയായ താൻ പാർട്ടി സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന് ഇന്നലെ 'കേരളകൗമുദി'യോട് പറഞ്ഞു. പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. സി.പി.എം വയനാട് ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെവേട്ടയാടുന്നു. 35 വർഷം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. കർഷകസംഘം ജില്ലാ പ്രസിഡന്റും സി.പി.എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ ജയനെ ചികിത്സാസഹായ ഫണ്ട് തിരിമറി ആരോപിച്ചാണ് ലോക്കൽ കമ്മിറ്റിയിലേക്കും പിന്നീട് ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയത്. എന്നാൽ സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകിയതിനെ തുടർന്ന് അന്വേഷണത്തിൽ ജയൻ കുറ്റക്കാരനല്ലെന്ന് പാർട്ടി പ്രാഥമികമായി കണ്ടെത്തി. എല്ലാ നടപടികളും സംസ്ഥാന കമ്മിറ്റി റദ്ദ് ചെയ്യുകയും ചെയ്തു. പാർട്ടിയിൽ വീണ്ടും സജീവമായ ജയന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ജയനെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ പാർട്ടി തയ്യാറായില്ല. പകരം ഇ.കെ. ബാലകൃഷ്ണനെയാണ് പ്രസിഡന്റാക്കിയത്. ഇതാണ് വീണ്ടും പൊട്ടിത്തെറിയിലേക്ക് കാരണമായത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ജയൻ ഉൾപ്പെടെയുള്ള രണ്ട് അംഗങ്ങൾ വിട്ടുനിന്നിരുന്നു. തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി യു.ഡി.എഫിനാണ് ലഭിച്ചത്.
ഇപ്പോൾ നടക്കുന്നത് ഒന്നര വർഷമായി തുടരുന്നവേട്ടയാടലിന്റെ തുടർച്ചയാണെന്ന് ജയൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേതാക്കളെ അറിയിച്ചിട്ടും നിർബന്ധിച്ചു മത്സരിപ്പിച്ചു. പഞ്ചായത്ത് തിരിച്ചു പിടിക്കണമെങ്കിൽ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം ജയന്റെ ആരോപണങ്ങൾക്ക് ജില്ലാ കമ്മിറ്റി ഇതുവരെയും മറുപടി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |