തിരുവനന്തപുരം:സംസ്ഥാനത്തെ ഒറ്റ ക്യാമ്പസിലും കയറ്റില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ..ഇപ്പോൾ ഡൽഹിയിലുള്ള അദ്ദേഹം 16ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. ശ്രീനാരായണ ധർമ്മത്തെക്കുറിച്ച് 17ന് നടക്കുന്ന സെമിനാർ ഉദ്ഘാടനത്തിനാണ് എത്തുന്നത്. 16, 17, 18 ദിവസങ്ങളിൽ അദ്ദേഹം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് വാഴ്സിറ്റി ഗസ്റ്റ്ഹൗസിൽ താമസിക്കും. 17ന് മലപ്പുറത്ത് ഒരു വിവാഹച്ചടങ്ങിലും ഗവർണർ പങ്കെടുക്കും. 18ന് രാത്രി രാജ്ഭവനിലെത്തും. മുൻപ് നാലു വട്ടം ഗവർണർ കാലിക്കറ്റ് വാഴ്സിറ്റി ഗസ്റ്റ്ഹൗസിൽ താമസിച്ചിട്ടുണ്ട്. മലബാറിൽ പരിപാടികളുണ്ടെങ്കിൽ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലും താമസിക്കാറുണ്ട്. എന്നാൽ എസ്.എഫ്.ഐ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ തന്റെ താമസം യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസിലാക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് പൊലീസ് പഴുതടച്ച സുരക്ഷയൊരുക്കും.. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഗവർണറുടെ . പരിപാടികൾക്ക് പാസ് അടക്കം ഏർപ്പെടുത്തും. കാലിക്കറ്റ്, കേരള വാഴ്സിറ്റികളിൽ സർക്കാരിന്റെ പാനൽ തള്ളി സ്വന്തം നിലയിൽ സംഘപരിവാർ ബന്ധമുള്ളവരെയടക്കം സെനറ്റംഗങ്ങളായി നാമനിർദ്ദേശം ചെയ്തതിനെതിരെയാണ് ഗവർണർക്കെതിരേ എസ്.എഫ്.ഐ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ തലസ്ഥാനത്ത് മൂന്നിടത്ത് അദ്ദേഹത്തിന്റെ കാർ തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതിന് എസ്.എഫ്.ഐക്കാർ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |