തിരുവനന്തപുരം: ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും പുതിയ പാർട്ടി രൂപീകരിക്കുന്നത് ദേവഗൗഡയ്‌ക്കൊപ്പം നിൽക്കാനാണെന്ന് നാണു വിഭാഗം ആരോപിച്ചു. ഗൗഡയുമായി ബന്ധം വിച്ഛേദിച്ചുവെന്ന് പറയുന്നവർ ദേശീയ നിർവാഹക സമിതിയംഗത്വം രാജിവച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ദേവഗൗഡയുടെ നേതൃത്വത്തിന് കീഴിലുള്ള ദേശീയ നിർവാഹകസമിതി അംഗത്വം മറ്റെല്ലാവരും രാജി വയ്ക്കണമെന്ന നിർദ്ദേശം നൽകുമ്പോൾ രണ്ട് എം.എൽ.എമാരും അതിന് തയ്യാറായിട്ടില്ല. ഗൗഡ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് തിരിച്ചെത്തിയാൽ അദ്ദേഹത്തിനൊപ്പം വീണ്ടും ചേരാനാണ് പുതിയ പാർട്ടിയുണ്ടാക്കി ഇരുവരും മാറുന്നതെന്നാണ് നാണു വിഭാഗത്തിന്റെ ആരോപണം.
ജെ.ഡി.എസിൽ നിന്നുള്ള പ്രതിനിധികളായി എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്ന മാത്യു.ടി.തോമസ്, കെ.കൃഷ്ണൻകുട്ടി എന്നിവരെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാണു വിഭാഗം ഇന്ന് എൽ.ഡി.എഫ് നേതൃത്വത്തിന് കത്തു നൽകും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ എന്ന നിലയിലാണ് കത്ത് നൽകുക. ഇതിനിടെ മാത്യു.ടി തോമസ് പക്ഷത്ത് നിൽക്കുന്ന നീലലോഹിതദാസൻ നാടാരുമായി നാണു വിഭാഗം ചർച്ചകൾ ആരംഭിച്ചു. മാത്യു.ടി.തോമസ് വിളിച്ചു ചേർത്ത പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ സി.കെ നാണുവിനൊപ്പം നിൽക്കണമെന്ന് നീലൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ നാണു വിഭാഗത്തിലെത്തിക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |