കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ഉൾപ്പെടെയുള്ളവർ പിപി ദിവ്യയെ സംരക്ഷിക്കാൻ പൊലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പിണറായി സർക്കാരിനാകില്ലെന്നും പിപി ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
പിപി ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന് അസാധാരണമായ കരുതലാണ്. എഡിഎമ്മിന്റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം പിപി ദിവ്യയുടെ വാദമേറ്റെടുത്ത് ആത്മഹത്യചെയ്ത എഡിഎമ്മിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിപി ദിവ്യയ്‌ക്കെതിരെ സംഘടനാപരമായ ചില നടപടിയെടുത്തെങ്കിലും അവർക്ക് നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കി. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പറയുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയെ ജയിൽമോചിതയായ പിപി ദിവ്യയെ സ്വീകരിക്കാനയച്ചത്. ഇതാണ് ഇരകളോടും അവരുടെ കുടുംബത്തോടുമുള്ള സിപിഎമ്മിന്റെ സമീപനം. ഇരട്ടനീതിയും മുഖവുമാണ് സിപിമ്മിന്. വിശ്വാസ വഞ്ചനയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയവും അജണ്ടയുമെന്നും കെ.സുധാകരൻ പറഞ്ഞു.
എഡിഎമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സിപിഎമ്മിലെ കണ്ണൂർ ലോബിയാണ്. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് അതിന് തെളിവ്.എഡിഎമ്മിനെതിരെ വ്യാജപരാതി തയ്യാറാക്കിയതിൽ ഉൾപ്പെടെ കണ്ണൂരിലെ സിപിഎം ലോബിക്ക് വ്യക്തമായ പങ്കുണ്ട്. നവീൻ ബാബുവിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച സിപിഎമ്മുകാരനായ ടി.വി.പ്രശാന്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാത്തതും ഇയാളുടെ സാമ്പത്തിക സ്രോതസിലേക്കും അന്വേഷണം നീളാത്തതും അതിനാലാണ്. പിപി ദിവ്യയ്ക്ക് രക്ഷപ്പെടാൻ പഴുതുനൽകുന്ന വിധം മൊഴിനൽകിയ ജില്ലാ കളക്ടറും ഈ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.
എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് ശേഷം ദുരൂഹമായ ഇടപെടലുകളാണ് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുള്ളത്. ബന്ധുക്കളുടെ അസാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയതും പിപി ദിവ്യയ്ക്ക് രണ്ടാഴ്ചയോളം ഒളിവിൽ കഴിയാൻ പൊലീസ് അവസരം നൽകിയുമെല്ലാം പ്രതിയെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
അന്വേഷണ സംഘത്തെ നിയമിച്ചത് ഏകപക്ഷീയമായാണ്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ അന്വേഷണ സംഘത്തിലുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബത്തിന് മാത്രമല്ല, സിപിഎം നേതാക്കൾക്ക് പോലും വിശ്വാസമില്ല. അതിന് ഉദാഹരണമാണ് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്റെ പ്രതികരണം. നീതിക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസ് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |