
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പ്രധാന ആസൂത്രകൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ആണെന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി). നിലവിൽ കേസിലെ പ്രതികളിൽ മുഖ്യസ്ഥാനത്ത് നിൽക്കുന്നത് പത്മകുമാർ ആണെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി അടക്കമുള്ളവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൊഴികൾ പത്മകുമാറിന് എതിരാണെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ പ്രതികളും പ്രവർത്തിച്ചത് പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ പത്മകുമാർ ചാരി നിൽക്കുന്നതായുള്ള 2019 മേയ് മാസത്തിലെ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിലാണ് നടന്നത്. സ്വർണക്കൊള്ളയിലൂടെ വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കൊല്ലം വിജിലൻസ് കോടതിയിലാകും ഇനി കേസുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്യുക. നിലവിൽ പത്മകുമാർ ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണുള്ളത്. അൽപ സമയത്തിനകം പത്മകുമാറിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുവന്ന് വൈദ്യ പരിശോധന നടത്തും. ശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |