SignIn
Kerala Kaumudi Online
Thursday, 19 February 2026 5.04 AM IST

ശബരിമല വിഷയത്തിൽ വീടുവീടാന്തരം കയറിയിറങ്ങി മാപ്പു പറഞ്ഞത് സി പി എം മറക്കരുത്,​ സ്പീക്കർ തെറ്റ് തിരുത്തണമെന്ന് കെ സുധാകരൻ

Increase Font Size Decrease Font Size Print Page
ff

തിരുവനന്തപുരം: സ്പീക്ർ എ.എൻ. ഷംസീർ നടത്തിയ ഗുരുതര പരാമർശങ്ങൾക്ക് സി.പി.എം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണം. അദ്ദേഹത്തിന്റെ പരാമർശം വിശ്വാസികൾക്ക് വേദന ഉളവാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കർ തെറ്റുതിരുത്തുകയോ സി പി എം അതിനു നിർദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്നം അവസാനിപ്പിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.


മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയയത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികൾക്കൊപ്പമാണ് സി.പി.എം എന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.


വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ സർക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോൺഗ്രസിന്റെ നയം. എന്നാൽ സി.പി.എം ഇക്കാര്യങ്ങളിൽ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നു. സംഘപരിവാർ ശക്തികൾക്ക് വർഗീയ ധൃവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. മറ്റുള്ളവരുടെ വിശ്വാസത്തെ ഉൾക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ല.


ഉന്നതമായ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻ.എസ്.എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കൊപ്പം നിൽക്കാതെ എന്നും മത നിരപേക്ഷ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻ എസ് എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ അന്നും എൻഎസ്എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എൻ.എസ്.എസിനുണ്ടെന്ന് സുധാകരൻ പറഞ്ഞു.

TAGS: AN SHAMSER, NSS, K SUDHAKARAN, KPCC, CPM, MV GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY