SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

'പണം ഗോവിന്ദൻ മാസ്റ്റർ തിരികെ നൽകും'; പെൻഷൻ ചലഞ്ച് വെറും പിആർ സ്റ്റണ്ട്, വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page
cpm

കോഴിക്കോട്: ബാലുശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജാഥയ്ക്കിടെ നടന്ന 'പെൻഷൻ ചലഞ്ച്' പുതിയ വിവാദത്തിലേക്ക്. സ്വമനസാലെ പണം നൽകിയതാണെന്ന തരത്തിൽ പ്രചരിച്ച ദൃശ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പിആർ സ്റ്റണ്ട് ആണെന്ന വെളിപ്പെടുത്തലുമായി പെൻഷൻ നൽകിയ വയോധികനായ മൊയ്തീൻ തന്നെ രംഗത്തെത്തി.

കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരിയിൽ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. മൊയ്തീൻ എന്ന വയോധികൻ വേദിയിലെത്തി തന്റെ പെൻഷൻ തുകയായ 2000 രൂപ എംവി ഗോവിന്ദന് കൈമാറുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുഡിഎഫ് വന്നാൽ പെൻഷൻ മുടങ്ങും, അതുകൊണ്ട് ഈ സർക്കാർ തുടരണമെന്ന് മൊയ്തീൻ പറയുന്നതും, ഗോവിന്ദൻ മാസ്റ്റർ സ്‌നേഹപൂർവ്വം ആ പണം തിരികെ അദ്ദേഹത്തിന്റെ പോക്കറ്റിൽ തന്നെ ഇട്ടുകൊടുക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

എന്നാൽ, ഈ ദൃശ്യങ്ങൾ സ്വാഭാവികമായി സംഭവിച്ചതല്ലെന്ന് മൊയ്തീൻ ഇപ്പോൾ വ്യക്തമാക്കുകയാണ്. ചിലർ തന്നെ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം കൊടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ അത് തിരികെ നൽകുമെന്ന് തന്നോട് നേരത്തെ പറഞ്ഞിരുന്നതായും മൊയ്തീൻ വെളിപ്പെടുത്തി. ഇടതു പ്രൊഫൈലുകൾ വൻതോതിൽ ആഘോഷിച്ച ഈ വീഡിയോ, പുതിയ വെളിപ്പെടുത്തൽ വന്നതോടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സിപിഎമ്മിന്റെ 'തിരക്കഥ' പാളിപ്പോയെന്നും, ജനങ്ങളെ കബളിപ്പിക്കാനാണ് പിആർ ഏജൻസികളെ വച്ച് ഇത്തരം ദൃശ്യങ്ങൾ നിർമ്മിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. സൈബർ ഇടങ്ങളിൽ വലിയ പരിഹാസമാണ് ഇതിനെതിരെ ഉയരുന്നത്. എന്നാൽ വിവാദങ്ങൾക്കിടെ പ്രതിരോധവുമായി മന്ത്രി റിയാസ് രംഗത്തെത്തി. കോൺഗ്രസ് ക്ഷേമ പെൻഷനെ അവഹേളിക്കുകയാണെന്നും ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴാണ് പെൻഷൻ തുക വർദ്ധിപ്പിച്ചതെന്ന യാഥാർത്ഥ്യം മറച്ചുപിടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS: MV GOVINDAN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY