
തിരുവനന്തപുരം: പരസ്ത്രീ വിവാദത്തിൽപ്പെട്ട കെ.ബി. ഗണേശ്കുമാറിന്റെ മന്ത്രിപദം തെറിച്ചില്ലെങ്കിലും മൂന്നാം തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് വിഷയം തലവേദനയാവും. ഗുരുതരമായ ആരോപണം നേരിട്ട മന്ത്രിയെ എന്തിന്റെ പേരിൽ സംരക്ഷിച്ചു? എന്തുകൊണ്ട് കേസെടുത്തില്ല? എന്തുകൊണ്ട് മന്ത്രി രാജിവച്ചില്ല? തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കുമുണ്ട്.
ഗണേശ്‌കുമാർ രാജിവയ്ക്കാത്തതിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് നീരസവുമുണ്ട്. പ്രതിപക്ഷം ഇത് മുതലെടുക്കുക സ്വാഭാവികം. വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും വമ്പൻ പദ്ധതികൾ നടപ്പിലാക്കിയും ഭരണത്തുടർച്ചയ്ക്കുള്ള പാത ഒരുക്കുമ്പോഴാണ് ഗണേശിന്റെ അവനവൻപാര. സംഭവത്തിന്റെ ഗൗരവം മനസിലാക്കി മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് ഒറ്റരാത്രി കൊണ്ട് ആരോപണമുന്നയിച്ച ഭാര്യ ബിന്ദുവുമായി ഗണേശൻ ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് അറിയുന്നത്.
ഇന്നലെ രാവിലെ മന്ത്രിസഭായോഗത്തിനു ശേഷം ഗണേശ് കുമാർ മുഖ്യമന്ത്രിയെ കണ്ടു. ഗണേശ് കുമാർ തന്നെ വിളിച്ച് മാപ്പു പറഞ്ഞെന്നും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മറ്റൊരുവിധ ചർച്ചകളുടെയും ആവശ്യമില്ലെന്നും ബിന്ദു വ്യക്തമാക്കുകയും ചെയ്തു. അതോടെയാണ് കുടുംബ പ്രശ്നം എന്ന മട്ടിൽ രാജി വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഇരട്ടത്താപ്പോ?
നടി ആക്രമിക്കപ്പെട്ട സംഭവത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും സ്ത്രീപക്ഷ നിലപാടുകൾക്കൊപ്പമെന്ന് ആവർത്തിച്ച സർക്കാർ എന്തുകൊണ്ട് ഗണേശിന്റെ കാര്യത്തിൽ കേസെടുത്തില്ല? സമാന വിഷയത്തിൽ രണ്ട് നിലപാടെന്ന് ആരോപിക്കാൻ യു.ഡി.എഫിന് കിട്ടുന്ന ആയുധമാവും ഇത്. മുഖ്യമന്ത്രിയുടെ മകളോടും സംഭവം പറഞ്ഞിട്ടുണ്ടെന്ന ബിന്ദുവിന്റെ വെളിപ്പെടുത്തലും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്.
വെല്ലുവിളിച്ച് പ്രഖ്യാപനം
മാപ്പു പറച്ചിലിലൂടെ തന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച മന്ത്രി ഗണേശ് കുമാർ വീണ്ടും മത്സരിക്കുമെന്ന് പറഞ്ഞത് വെല്ലുവിളിയുടെ സ്വരത്തിലാണ്. മത്സരിക്കുമെന്നും തന്റെ ഭൂരിപക്ഷം കൂടുമെന്നുമാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ പൊതുപരിപാടിയിലും മന്ത്രി പങ്കെടുത്തു. പൊതുപ്രവർത്തകന് വേണ്ട ധാർമ്മികത ബാധകമല്ലെന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പ്രതിപക്ഷം പ്രചാരണായുധമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |